തിരക്കേറിയ റോഡില്‍ കാര്‍ തടഞ്ഞ് സിനിമ സ്‌റ്റൈല്‍ വെടിവയ്പ്പ്; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയിലെ സുഭാഷ് നഗറിലായിരുന്നു സംഭവം
 
delhi shoot

തിരക്കേറിയ റോഡിനു നടുവില്‍ കാര്‍ തടഞ്ഞു നിര്‍ത്തി വെടിവയ്പ്പ്. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കാര്‍ യാത്രക്കാരായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനിയാഴ്ച്ച വൈകുന്നേരമാണ് ഏതോ ആക്ഷന്‍ ത്രില്ലര്‍ സിനിമകളിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കും വിധമുള്ള ഭയാനക സംഭവം അരങ്ങേറിയത്. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് കാറിനു നേരെ വെടിയുതിര്‍ത്തത്. പത്തു റൗണ്ടോളം ഇവര്‍ വെടിയുതിര്‍ത്തതായാണ് പൊലീസ് പറയുന്നത്. വാഹനയാത്രക്കാരുടെയും കാല്‍നടക്കാരുടെയുമെല്ലാം കണ്‍മുന്നിലായിരുന്നു അക്രമണം. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാകാതെ എല്ലാവരും അന്ധാളിച്ചു നിന്നുപോവുകയായിരുന്നു. ഇതിനിടയില്‍ അക്രമികള്‍ ഒരക്ഷപ്പെടുകയും ചെയ്തു.

കേശോപൂര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാന്‍ അജയ് ചൗധരി, ഇദ്ദേഹത്തിന്റെ സഹോദരന്‍ ജസ്സാ ചൗധരി എന്നിവരെയാണ് ആക്രമിച്ചത്. ഗുരതരാവസ്ഥയിലുള്ള ഇരുവരും ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒരു ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു അജയും സഹോദരനും സുഭാഷ് നഗറിലെ ഒറു തിരക്കേറിയ കവലയില്‍ എത്തിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. 


വെടിവയ്പ്പ് നടക്കുന്നതിന്റെ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ പുറത്തു വിട്ടിട്ടുണ്ട്. തോക്ക്ധാരികളെ കണ്ട് കാല്‍നടക്കാരും ബൈക്ക് യാത്രക്കാരും റിക്ഷായാത്രക്കാരുമെല്ലാം ജിവന്‍പേടിച്ച് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ വെടിയുതിര്‍ക്കുന്നതിനിടയില്‍ അജയും സഹോദരനും സഞ്ചരിച്ചിരുന്ന വെള്ളുത്ത കാര്‍ മുന്നോട്ടു കുതിക്കുകയും മുന്നില്‍ തടസം വന്നതുകൊണ്ട് വണ്ടി തിരിച്ച് എതിര്‍ദിശയിലേക്ക് തിരിച്ചു വരികയും വേഗത്തില്‍ അതേ ദിശയില്‍ തന്നെ കുതിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയമൊക്കെ തോക്കും കൈയില്‍ പിടിച്ച് അക്രമികള്‍ വാഹനത്തെ പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്.

അക്രമികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം അക്രമികളെ തിരിച്ചറിഞ്ഞ് പിടികൂടുമെന്നും ഇതിനായി വിവിധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഉദോ്യഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.