ഫോബ്‌സ് പട്ടിക;  ജെഫ് ബെസോസിനെ മറികടന്ന് അദാനി മൂന്നാം സ്ഥാനത്ത്

 
adani

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി. ഫോബ്‌സ് മാസികയില്‍ മൂന്നാം സ്ഥാനമാണ് അദാനി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ച്ച തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണി മുന്നോട്ടു കുതിച്ചു നിന്നതാണ് അദാനിക്ക് നേട്ടമായത്. വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടന്ന് ഇന്ത്യന്‍ ഓഹരികള്‍ മുന്നേറിയതും ബെസോസിനെ പിന്തള്ളി മുന്നിലെത്താന്‍ അദാനിയെ സഹായിച്ചു.

തിങ്കളാഴ്ച്ച ഗൗതം അദാനിയുടെ സ്വത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ സമ്പത്ത് 131.9 ബില്യണ്‍ ഡോളറായി. കഴിഞ്ഞാഴ്ച്ച ആമസോണ്‍ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ജെഫ് ബെസോസിന് തിരിച്ചടിയായത്. നാലാം സ്ഥാനത്തുള്ള ജെഫിന്റെ സമ്പത്ത് ഇപ്പോള്‍ 126.9 ബില്യണ്‍ ഡോളറാണ്.

223.8 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള ഇലോണ്‍ മസ്‌ക് ആണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍. ലൂയി വിറ്റോണ്‍ സ്ഥാപകന്‍ ബെര്‍മാര്‍ഡ് അര്‍ണോള്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.