പ്രിയങ്കയില്‍നിന്ന് എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ മുന്‍ കേന്ദ്രമന്ത്രി നിര്‍ബന്ധിച്ചു; രണ്ട് കോടി നല്‍കിയെന്ന് റാണാ കപൂര്‍

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പക്കല്‍നിന്ന് എം.എഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാന്‍ നിര്‍ബന്ധിതനായെന്നും ആ പണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ഗാന്ധി കുടുംബം ഉപയോഗിച്ചെന്നും യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂര്‍. ചിത്രം രണ്ട് കോടി രൂപയ്ക്ക് വാങ്ങാന്‍ മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റയാണ് നിര്‍ബന്ധിച്ചത്. പെയിന്റിംഗ് വാങ്ങാന്‍ വിസമ്മതിക്കുന്നത് ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ മാത്രമല്ല, 'പത്മഭൂഷണ്‍' ലഭിക്കുന്നതിലും തടസമാകുമെന്ന് ദേവ്റ പറഞ്ഞിരുന്നുവെന്നും റാണാ കപൂര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് റാണാ കപൂറിന്റെ വെളിപ്പെടുത്തല്‍.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, റാണാ കപൂര്‍, അദ്ദേഹത്തിന്റെ കുടുംബം, ദിവാന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) പ്രൊമോട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമാണ് റാണാ കപൂറിന്റെ മൊഴികള്‍. ചികിത്സയ്ക്കായി പണം അത്യാവശ്യമായിരുന്ന സമയത്ത് ഗാന്ധി കുടുംബത്തെ സഹായിക്കുന്നതിലൂടെ 'പത്മഭൂഷണ്‍' പുരസ്കാരത്തിന് താന്‍ പരിഗണിക്കപ്പെടുമെന്ന് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നുവെന്ന് റാണാ കപൂര്‍ വെളിപ്പെടുത്തുന്നു. മുരളി ദേവ്റയും ഇക്കാര്യം ആവര്‍ത്തിച്ചു. പെയിന്റിംഗ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് മുരളി ദേവ്റ വീടും ഓഫീസും സന്ദര്‍ശിച്ചു. പല നമ്പറുകളില്‍നിന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് കോടിയുടെ ഇടപാടിന് തയ്യാറായിരുന്നില്ല. അതിനാല്‍ ഫോണ്‍വിളികളും കൂടിക്കാഴ്ചയും ഒഴിവാക്കി. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായതോടെ, അവരുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നതെന്നും റാണാ കപൂറിന്റെ മൊഴിയില്‍ പറയുന്നു.
2010ല്‍ മുരളി ദേവ്റ അദ്ദേഹത്തിന്റെ വസതിയില്‍ ഭക്ഷണത്തിനായി ക്ഷണിച്ചിരുന്നുവെന്ന് റാണാ കപൂര്‍ വെളിപ്പെടുത്തുന്നു. പെയിന്റിംഗ് വാങ്ങാന്‍ വിസമ്മതിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് മുരളി ദേവ്റ പറഞ്ഞു. പെയിന്റിംഗ് വാങ്ങുന്നതിലുണ്ടാവുന്ന കാലതാമസമോ, വാക്കില്‍നിന്ന് പിന്മാറുന്നതോ തന്നെയും യെസ് ബാങ്കിനെയും പ്രതികൂലമായി ബാധിക്കും. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിനൊപ്പം പത്മഭൂഷന്‍ ലഭിക്കുന്നതിനെയും അത് തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് പത്മഭൂഷണ്‍ അര്‍ഹത ഉണ്ടായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍, ആര്‍ട്ട് വര്‍ക്കുകളോടുള്ള കുടുംബത്തിന്റെ താല്പര്യമില്ലായ്മയും എതിര്‍പ്പും മറികടന്ന് പെയിന്റിംഗ് വാങ്ങേണ്ടിവന്നു. രണ്ട് കോടിയുടെ ചെക്ക് കൈമാറി. എച്ച്എസ്ബിസി ബാങ്കിലെ എന്റെ സ്വകാര്യ അക്കൗണ്ടിന്റെ ചെക്കാണ് നല്‍കിയത്. പ്രിയങ്കാ ഗാന്ധിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇടപാടുകള്‍. ഈ തുക സോണിയയുടെ ന്യൂയോര്‍ക്കിലെ ചികിത്സയ്ക്കായി ഉപയോഗിച്ചുവെന്ന് മുരളി ദേവ്റയുടെ മകന് മിലിന്ദ് ദേവ്റ രഹസ്യമായി പറഞ്ഞുവെന്നും റാണാ കപൂര്‍ ഇ.ഡിയോട് വെളിപ്പെടുത്തി.
ഏതാനും മാസങ്ങള്‍ക്ക് ശേഷം, സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. സോണിയയുടെ വൈദ്യചികിത്സയ്ക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തിനായി നല്ല പ്രവൃത്തി ചെയ്തെന്നും അത് പത്മഭൂഷണ്‍ നല്‍കുന്നതിന് ഉചിതമായി പരിഗണിക്കുമെന്നും അഹമ്മദ് പട്ടേല്‍ അറിയിച്ചിരുന്നുവെന്നും റാണാ കപൂര്‍ മൊഴികളില്‍ പറയുന്നു.
കള്ളപ്പണനിരോധന നിയമപ്രകാരം 2020ലാണ് റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. റാണ കപൂറിന്റേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണമെത്തിയിരുന്നു. ഡിഎച്ച്എഫ്എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെയാണ് ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായ റാണാ കപൂര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.