അഭ്യൂഹങ്ങള്‍ക്ക് വിരാമം; കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രമോദ് മദ്വരാജ് ബിജെപിയിലേക്ക്

 
pramod

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
തന്റെ രാജിക്കത്ത് മദ്വരാജ് ട്വറ്ററില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാനും അടുത്തിടെ തനിക്ക് ലഭിച്ച പുതിയ പദവിയോട് നീതി പുലര്‍ത്താനും കഴിയാത്ത അവസ്ഥയിലേക്കാണ് ഞാന്‍ എത്തിയിരിക്കുന്നതെന്നും  കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിന് രാജിക്കത്ത് നല്‍കാനും തീരുമാനിച്ചതായി ഉഡുപ്പി മുന്‍ എംഎല്‍എ കത്തില്‍ പറയുന്നു.

''കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം എനിക്ക് ഒരു മോശം അനുഭവമായിരുന്നു്, ഇത് രാഷ്ട്രീയപരമായി ശ്വാസംമുട്ടലിലേക്ക് നയിച്ചു, ഇവ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഞാന്‍ മറ്റ് പാര്‍ട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തു. ഞാന്‍ അത് നിരീക്ഷിച്ചു. ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ പരാതികള്‍ പരിഹരിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് മൂല്യവത്തായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല, ''അദ്ദേഹം കത്തില്‍ പറയുന്നു.

പാര്‍ട്ടിയുടെ പല സംസ്ഥാന-കേന്ദ്ര നേതാക്കളും മധ്വരാജിനെ പാര്‍ട്ടിയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും ഉയര്‍ന്ന സ്ഥാനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കിയിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മദ്വരാജ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 

ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍ ഷെട്ടിയും ബി.ജെ.പിയിലേക്കെത്തുമെന്നാണ് സൂചന. ഉഡുപ്പിയിലെ കോണ്‍ഗ്രസ് മുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഇരു നേതാക്കളുടെയും കൂടുമാറ്റം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.