'ഗുഡ് ബൈ ആന്‍ഡ് ഗുഡ് ലക്ക്'; പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

ഉദയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം നടക്കുമ്പോഴാണ് പഞ്ചാബില്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത്
 
sunil jhakar

രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ചിന്തന്‍ ശിബരം നടക്കുമ്പോള്‍, മറ്റൊരു പ്രമുഖ നേതാവ് കൂടി പാര്‍ട്ടി വിടുന്നു. പഞ്ചാബിലെ മുതിര്‍ന്ന നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ഝാക്കര്‍ ആണ് കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഝാക്കറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകാന്‍ കാരണം ചന്നിയാണെന്നായിരുന്നു ഝാക്കറുടെ വിമര്‍ശനം. ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി ഝാക്കര്‍ ആരോപിക്കുന്നത്.നോട്ടീസ് നല്‍കി ഒരാഴ്ച്ച കഴിയുമ്പോഴാണ് ഝാക്കര്‍ പാര്‍ട്ടി വിടുന്നത്.

ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന്  ഗുഡ് ബൈ, ആന്‍ഡ് ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞാണ് ഝാക്കര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ചില നല്ല വാക്കുകള്‍ പറഞ്ഞ ഝാക്കര്‍ സംസ്ഥാനത്തെ തന്റെ സഹപ്രവര്‍ത്തകരായിരുന്നു മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തി. താന്‍ പാര്‍ട്ടി വിടുന്നതിനു കാരണം സംസ്ഥാന നേതൃത്വമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. രാഹുല്‍ ഗാന്ധി ഒരു നല്ല വ്യക്തിയാണ്. പാര്‍ട്ടിയുടെ നേതൃത്വം രാഹുല്‍ തിരിച്ചെടുക്കണം. പക്ഷേ, അദ്ദേഹം മുഖസ്തുതിക്കാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. സുഹൃത്തുക്കളെയും ചതിയന്മാരെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയണം.

അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസം എ കെ ആന്റണി അധ്യക്ഷനായുള്ള അഞ്ചംഗ അച്ചടക്ക സമതി ഝാക്കറെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും പാര്‍ട്ടിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക സമിതിയംഗം കൂടിയായ മുതിര്‍ന്ന നേതാവ് അംബിക സോണിയുമായിട്ടുള്ള ഏറ്റുമുട്ടലും ഝാക്കറിനെതിരേയുള്ള നടപടിക്ക് കാരണമായിട്ടുണ്ടായിരുന്നു. എങ്കിലും ആ യോഗത്തില്‍ അംബിക സോണി പങ്കെടുത്തിരുന്നില്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അംബിക സോണി ഇടപെട്ടാണ് തനിക്ക് കിട്ടേണ്ട മുഖ്യമന്ത്രി സ്ഥാനം തട്ടിക്കളഞ്ഞതെന്നാണ് ഝാക്കറുടെ ആരോപണം.

അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസില്‍ കലഹം മൂത്ത സമയത്ത് അംബിക സോണിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയന്നിരുന്നു. എന്നാല്‍ ആ ഓഫര്‍ താന്‍ നിരസിക്കുകയാണെന്നും ഒരു സിഖ് കാരന്‍ തന്നെ ആ പദവി ഏറ്റെടുക്കണമെന്നുമാണ് അംബിക സോണി ഹൈ കമാന്‍ഡിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമരീന്ദറിന്റെ പിന്‍ഗാമിയുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സുനില്‍ ഝാക്കറുടെ പ്രതീക്ഷകള്‍ അംബിക സോണിയുടെ ഈയൊരു നിര്‍ദേശത്തോടെ തകര്‍ന്നുവെന്നാണ് പറയുന്നത്. അംബിക സോണിയുമായി ഝാക്കറിനുള്ള പകയുടെ കാരണമായി ഇതാണ് പറയുന്നത്. അംബിക സോണിയുടെ തീരുമാനവും ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമാണ് കോണ്‍ഗ്രസിനെ ആം അംദ്മിക്കു മുന്നില്‍ കീഴടക്കിയതെന്ന ആരോപണമാണ് ഝാക്കര്‍ക്കുള്ളത്.

' അംബിക സോണിയുടെ പരാമര്‍ശങ്ങളാണ് തെരഞ്ഞെടുപ്പില്‍ നമ്മുടെ സാധ്യതകള്‍ തകര്‍ത്തത്. അവരുടെ വാക്കുകള്‍ സിഖുകാരെയും ഹിന്ദുക്കളെയും അപമാനിക്കുന്നതായിരുന്നു. ഞാന്‍ അങ്ങയോട് ആവശ്യപ്പെടുകയാണ്, അവര്‍ക്ക്(അംബിക സോണിയോട്) എന്താണ് സിഖിസം എന്നറിയാമോ എന്നു ചോദിക്കാന്‍. അവര്‍ ശ്രമിച്ചത് ഹിന്ദു-സിഖ് സംഘര്‍ഷം ഉണ്ടാക്കാനായിരുന്നു'- കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുനില്‍ ഝാക്കര്‍ ആരോപിച്ചു. മുങ്ങുന്ന കപ്പല്‍ എന്നാരോപിച്ച് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചൊരു ചരിത്രം കൂടി അംബിക സോണിക്കുണ്ടെന്നും ഝാക്കര്‍ കത്തില്‍ പരിഹസിക്കുന്നുണ്ട്, സഞ്ജയ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു, ഇന്ദിര ഗാന്ധിയോട് അടുപ്പം ഉണ്ടായിരുന്ന അംബിക സോണി 1977 ല്‍ ചെയ്തത് ഛണ്ഡിഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിക്കുയായിരുന്നു എന്നാണ് ഝാക്കര്‍ കുറ്റപ്പെടുന്നത്. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ താരിഖ് അന്‍വറെ ഝാക്കര്‍ കളിയാക്കുന്നത്, ഒരു വിദേശി പ്രധാനമന്ത്രിയാകരുതെന്ന് ശാഠ്യം പിടിച്ച എന്‍സിപിയോട് കൂട്ടുകൂടാന്‍ പോയയാള്‍ എന്നു പറഞ്ഞാണ്.

അതേസമയം, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചത് സുനില്‍ ഝാക്കറിനെ പാര്‍ട്ടി വിട്ടുകളയരുതെന്നാണ്. എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന പരിഹരിക്കാമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.