ഗുജറാത്ത് തൂക്കുപാലം ദുരന്തം; മരണം 141 ആയി, പാലം തുറന്നത് യാതൊരു സുരക്ഷയുമൊരുക്കാതെ

 
bridge

ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ 141 ആയി. അപകടത്തില്‍പ്പെട്ട നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. 177 ഓളം പേരെ രക്ഷപ്പെടുത്തിയതായും വിശദീകരണമുണ്ട്. എന്നാല്‍ ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നപ്പോഴാണ് അപകടം നടന്നതെന്നാണ് പറയുന്നത്.സൈന്യം ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം പാലം തകര്‍ന്നു വീണതിനു പിന്നില്‍ ഗുരുതരമായ അനാസ്ഥയാണ് കാരണമെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഏല്‍പ്പിച്ചിരുന്ന സ്വകാര്യ കമ്പനി പൂര്‍ണമായ സുരക്ഷ ഉറപ്പാക്കാതെയാണ് പൊതുജനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. അജന്ത മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ ആയിരുന്നു മോര്‍ബി മുനിസിപ്പാലിറ്റി പാലത്തിന്റെ അറ്റക്കുറ്റപ്പണികള്‍ ഏല്‍പ്പിച്ചിരുന്നത്.

ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ തൂക്കുപാലത്തിന്റെ ബലക്ഷയം ഉള്‍പ്പെടെയുള്ള തകരാറുകള്‍ പരിഹരിച്ച് പൂര്‍ണമായ രീതിയില്‍ സജ്ജീകരിക്കുന്നതിനായി എട്ടു മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് പാലം അടച്ചിട്ടുണ്ടുകൊണ്ട് അറ്റക്കുറ്റ പണികള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വെറും ഏഴു മാസം കഴിഞ്ഞപ്പോള്‍ തന്നെ നിര്‍മാണ കമ്പനി പാലം പൊതുജനങ്ങള്‍ തുറന്നു കൊടുത്തു. ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനമായ ഒക്ടോബര്‍ 26 ന് ആയിരുന്നു പാലം വീണ്ടും തുറന്നുകൊടുത്തത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കും മുന്നേ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ പാലം തുറക്കുകയും 17 രൂപ ടിക്കറ്റ് ചാര്‍ജ് വാങ്ങിച്ച് ജനങ്ങളെ കയറ്റി വിടുകയും ചെയ്ത ദുഷ്പ്രവര്‍ത്തിയുടെ ഫലമാണ് ഇപ്പോള്‍ വലിയൊരു കൂട്ടക്കുരിതിക്കു കാരണമായതെന്നാണ് വിമര്‍ശനം.