ഹനുമാന്‍ ചാലിസ വിവാദം; എംപി-എംഎല്‍എ ദമ്പതികളുടെ അറസ്റ്റിനു പിന്നാലെ ബിജെപി-ശിവസേന പോര് മുറുകുന്നു

ഹിന്ദുത്വയുടെ പേരില്‍ ബിജെപി ഇളക്കി വിട്ട കോലാഹലങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സേനയുടെ ആരോപണം
 
rana couple

ഹനുമാന്‍ ചാലിസയുടെ പേരില്‍ മഹാരാഷ്ട്രയില്‍ ശിവ്‌സേന-ബിജെപി പോര് മുറുകുന്നു. ഹിന്ദുത്വ അജണ്ടയുടെ മറവില്‍ ബിജെപി ഇളക്കിവിട്ട കോലഹാലമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സേന മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നത്. ഹിന്ദുത്വയുടെ പേരില്‍ ബിജെപി ഇളക്കി വിട്ട കോലാഹലങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. എല്ലാത്തിനും പിന്നില്‍ ബിജെപിയാണ്. മുംബൈയുടെ സമാധാനം കളയാന്‍ അവര്‍ ആസൂത്രണം ചെയ്ത കാര്യങ്ങളാണെല്ലാം' എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീയ്ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്ന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട എംഎല്‍-എം പി ദമ്പതികളായ നവനീത് റാണ, രവി റാണ എന്നിവര്‍ക്കു പിന്നിലും ബിജെപിയാണെന്നാണ് ശിവ്‌സേന കുറ്റപ്പെടുത്തുന്നത്. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീയ്ക്കു മുന്നില്‍ തങ്ങള്‍ ഹനുമാന്‍ ചാലിസ നടത്തുമെന്നായിരുന്നു റാണ ദമ്പതികളുടെ പ്രഖ്യാപനം. ഇത് സേന പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. രോഷാകുലരായ അവര്‍ റാണ ദമ്പതികളുടെ വീടിനു മുന്നില്‍ തടിച്ചുകൂടുകയും പൊലീസ് നിയന്ത്രണം ലംഘിച്ച് വീടിനുള്ളില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരം സംഘര്‍ഷങ്ങളുടെ പേരില്‍ ഏതാനും സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ റാണ ദമ്പതിമാര്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ ചാലിസ നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞെങ്കിലും സമുദായ ഐക്യം തകര്‍ത്തു, മതത്തിന്റെ പേരില്‍ രണ്ട് സംഘങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. അമരാവതി ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് നവനീത് റാണ. ഇവരുടെ ഭര്‍ത്താവ് രവി റാണ ബഡ്‌നേരയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയും. രണ്ടുപേരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നവനീത് കൗറിലെ ബൈക്കുള വനിത ജയിലിലും രവി റാണയെ നവി മുംബൈയിലെ തലോജ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

യാതൊരു ഐഡിയോളജിയുമില്ലാത്തവരാണ് റാണ ദമ്പതികളെന്നാണ് സാമ്‌നയിലെ എഡിറ്റോറിയയില്‍ കുറ്റപ്പെടുത്തുന്നത്. ലോക്‌സഭയില്‍ രാമനാമത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്തയാളാണ് നവനീത് റാണ. ഹനുമാന്‍ ചാലിസ വിഷയത്തില്‍ ആ എംപിയുടെ നിര്‍ദേശപ്രകാരം ബിജെപി നൃത്തം ചെയ്യുന്നത് കാണുന്നത് ആശ്ചര്യകരമാണെന്നാണ് സാമ്‌നയിലെ പരിഹാസം. സംവരണ സീറ്റുകളില്‍ മത്സരിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചവരാണ് നവനീതും രവിയുമെന്നുള്ള ആരോപണവും എഡിറ്റോറിയലിലുണ്ട്.

അതേസമയം ഹനുമാന്‍ ചാലിസ വിവാദത്തില്‍ ശിവസേനയ്‌ക്കെതിരേ ആരോപണങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. സേനപ്രവര്‍ത്തകര്‍ തങ്ങളെ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചുപോലും ആക്രമിക്കുകയാണെന്നാണ് ബിജെപിയുടെ പരാതി. പാര്‍ട്ടി നേതാവ് കിരിത് സോമയ്യ ആരോപിക്കുന്നത് നൂറോളം വരുന്ന സേന പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ച് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും തന്നെ കൊല്ലാനായിരുന്നു അവരുടെ പദ്ധതിയെന്നുമാണ്. പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാണ ദമ്പതികളുടെ അറസ്റ്റിനു പിന്നാലെയായിരുന്നു ഈ സംഭവം. തങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ട് പരാതി കൊടുക്കാന്‍ പോവുകയാണെന്നാണ് കിരിത് സോമയ്യ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ തീവ്രവാദ സമാന സാഹചര്യമുണ്ടാക്കിയിരിക്കുകയാണ്. എനിക്കെതിരേ വ്യാജ എഫ് ഐ ആര്‍ ഇട്ടിരിക്കുകയാണ്. ശിവ്‌സേന പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി മുഴക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഒരു സ്‌പെഷ്യല്‍ ടീം ഇതെല്ലാം അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം''- കിരിത് സോമയ്യ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറയുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ നടത്തുന്നത് വെറും നാടകമാണെന്നാണ് ശിവ്‌സേമ പ്രമുഖരുടെ പരിഹാസം. രണ്ടോ നാലോ പേരുള്ള ഒരു പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോകുന്നു. മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്? ഒരാള്‍ക്ക് അല്‍പ്പം ചോര പോയി (ബിജെപി നേതാവ് കിരിത് സോമയ്യയെ പരാമര്‍ശിച്ച്)... നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കാണൂ, പക്ഷേ നിങ്ങള്‍ ഡല്‍ഹിക്ക് പോകുന്നു, ഇത് എന്താണ്? യുപിയില്‍ മൂന്നു മാസത്തിനുള്ളില്‍ 17 ബലാത്സംഗം, കൊലപാതക കേസുകള്‍ കണ്ടു. ആ സംസ്ഥാന തന്നെയാണ് അവിടുത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നത്. യോഗി ജി വേണ്ടത്ര കാര്യക്ഷമനാണ്. അതുപോലെ, മഹാരാഷ്ട്ര ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ്; ഇക്കൂട്ടര്‍ മഹാരാഷ്ട്രയെ അപമാനിച്ച് നാടകം കളിക്കുകയാണ്'- ശിവ്‌സേന എംപി സഞ്ജയ് റൗത്ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ പറയുന്നു.