ഹിമാചല്‍ തെരഞ്ഞെടുപ്പ്; 'വിമത' ഭയം മാറാതെ കോണ്‍ഗ്രസും ബിജെപിയും

 
election

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ വലച്ച് വിമതര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ തിങ്കളാഴ്ച്ചയും രണ്ടു പാര്‍ട്ടികളോടും ഇടഞ്ഞു നില്‍ക്കുന്ന പതിനഞ്ചോളം വിമതര്‍ മത്സരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. ഇത് കുറച്ചൊന്നുമല്ല ബിജെപിക്കും കോണ്‍ഗ്രസിനും തലവേദനയുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്ന പലതരത്തിലുള്ള അനുരഞ്ജന നീക്കങ്ങളും ഫലം കണ്ടില്ലെന്നതാണ് വിമതര്‍ പത്രിക പിന്‍വലിക്കാത്ത നിലപാട് എടുത്തതിലൂടെ വ്യക്തമായിരിക്കുന്നത്.

മത്സരിക്കാന്‍ പാര്‍ട്ടികള്‍ ടിക്കറ്റ് നിഷേധിച്ചതോടെ വിമത ശല്യം ബിജെപിയിലും കോണ്‍ഗ്രസിലും ഉടലെടുത്തത്. പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പലമണ്ഡലങ്ങളിലും തങ്ങളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ നിലവിലെ വിമതര്‍ക്കു സാധിക്കുമെന്നതാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും പേടിപ്പിക്കുന്നത്. 68 സീറ്റുകളിലേക്കാണ് ഹിമാചല്‍ പ്രദേശില്‍ മത്സരം നടക്കുന്നത്. നിലവില്‍ 412 പേരാണ് മത്സരംഗത്തുള്ളത്.