ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിച്ച്, രണ്ടുപേരെ രാജ്യത്തിന് നല്‍കണം; ഇന്ത്യ വേഗം ഹിന്ദു രാഷ്ട്രമാകും: സാധ്വി ഋതംബര

 
sadhvi rithambara
ഏകീകൃത സിവില്‍ നിയമം നടപ്പാക്കണം

ഹിന്ദു ദമ്പതികള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ടുപേരെ രാജ്യത്തിന് സമര്‍പ്പിക്കണമെന്നും വിഎച്ച്പി നേതാവ് സാധ്വി ഋതംബര. അങ്ങനെയെങ്കില്‍ ഇന്ത്യ വേഗം തന്നെ ഹിന്ദു രാഷ്ട്രമാകും. രാജ്യത്ത് ഏകീകൃത സിവില്‍ നിയമവും വരണം. അപ്പോള്‍ ജനസംഖ്യ സന്തുലിതമാകുമെന്നും ഋതംബര പറഞ്ഞു. ലക്‌നൗ നിരാല നഗറിലെ രാം മഹോത്സവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ഹിന്ദു സ്ത്രീകള്‍ 'ഹം ദോ, ഹമാരെ ദോ' (നാം രണ്ട് നമുക്ക് രണ്ട്) എന്ന തത്വമാണ് പിന്തുടരുന്നത്. എന്നാല്‍, നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് ഞാന്‍ ഹിന്ദു ദമ്പതികളോട് അഭ്യര്‍ഥിക്കുന്നത്. അവരില്‍ രണ്ടുപേരെ രാജ്യത്തിന് സമര്‍പ്പിക്കണം. മറ്റു രണ്ടുപേരെ കുടുംബത്തില്‍ വളര്‍ത്താം. അങ്ങനെയെങ്കില്‍ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല, ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകാതിരിക്കാന്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. 

ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടായാല്‍ രാജ്യത്തിന്റെ ഭാവി നല്ലതായിരിക്കില്ലെന്ന് അവര്‍ പിടിഐയോട് പ്രതികരിച്ചു. മക്കളെ ആര്‍എസ്എസിനു നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'അതെ. കുട്ടികളെ ആര്‍എസ്എസിന് സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരെ വിഎച്ച്പി പ്രവര്‍ത്തകരാക്കുക, അങ്ങനെ രാജ്യത്തിന് സമര്‍പ്പിക്കുക' -എന്നായിരുന്നു ഋതംബരയുടെ മറുപടി.

ശനിയാഴ്ച ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് സംസാരിക്കവെ, ഹനുമാന്‍ ജയന്തി ശോഭായാത്രയെ ആക്രമിച്ചവര്‍ രാജ്യം കൈവരിച്ച പുരോഗതിയില്‍ അസൂയയുള്ളവരാണെന്നായിരുന്നു ഋതംബരയുടെ പ്രതികരണം. രാഷ്ട്രീയ ഭീകരതയിലൂടെ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നിലംപരിചാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഎച്ച്പി വനിതാ വിഭാഗമായ ദുര്‍ഗ വാഹിനിയുടെ സ്ഥാപക കൂടിയാണ് ഋതംബര.

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അഖില ഭരത് സന്ത് പരിഷത്തിന്റെ നേതാവ് യതി നരസിംഹാനന്ദും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'നേരത്തെ അമര്‍നാഥ് യാത്രയിലും വൈഷ്‌ണോദേവി യാത്രയിലും മാത്രമാണ് കല്ലേറുണ്ടായിരുന്നത്. ഇപ്പോള്‍ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങി എല്ലാ ഹിന്ദു ആഘോഷങ്ങളിലേക്കും കല്ലെറിയുന്നു. ഹിന്ദുക്കള്‍ക്ക് ഇതിലും മോശമായി എന്താണുള്ളത്? രാജ്യത്തെ രാഷ്ട്രീയ സംവിധാനം മുസ്ലീങ്ങളോട് ചായ്‌വുള്ളതാണ്. അതിനാലാണ് ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരെ ശക്തരാക്കണം. അങ്ങനെ അവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ കഴിയും'- നരസിംഹാനന്ദ് അഭിപ്രായപ്പെട്ടു.