ഇന്ത്യ ഭക്ഷ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം; ദുര്‍ബല വിഭാഗത്തിനുള്ള വിതരണം വിപുലീകരിക്കണം: ഐഎംഎഫ് 

 
IMF
പണപ്പെരുപ്പം ഒരു പരിധിവരെ ഉയര്‍ന്നത്

യുക്രെയ്‌നിലെ യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഭക്ഷ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ദുര്‍ബല ജനവിഭാഗത്തിനുള്ള വിതരണം വിപുലീകരിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു. വാര്‍ഷിക ബജറ്റില്‍ പൊതുനിക്ഷേപത്തിന് മുന്‍ഗണന നല്‍കിയതിന് ഇന്ത്യയെ ഐഎംഎഫ് പ്രശംസിച്ചു. അതേസമയം, ഇന്ത്യയിലെ പണപ്പെരുപ്പം ഒരു പരിധിവരെ ഉയര്‍ന്നതാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ കംഫര്‍ട്ട് സോണിനേക്കാള്‍ അല്‍പ്പം മുകളിലാണെന്നും ഐഎംഎഫിന്റെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പൗലോ മൗറോ അഭിപ്രായപ്പെട്ടു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ ബജറ്റ് ഏറെക്കുറെ നിഷ്പക്ഷമാണ്. ഈ സമയത്ത് ഇത് യുക്തിസഹമാണെന്ന് തോന്നുന്നതായി പൗലോ മൗറോ പറഞ്ഞു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ഊര്‍ജ വില വര്‍ധനയും കണക്കിലെടുക്കുമ്പോള്‍, നിലവിലെ സാഹചര്യം കുടുംബങ്ങളെ വേദനിപ്പിക്കുന്നതാണ്. അതിനാല്‍, ഭക്ഷ്യസുരക്ഷയ്ക്ക് പ്രഥമവും പ്രധാനവുമായ മുന്‍ഗണന നല്‍കണം എന്നതാണ് ഐഎംഎഫിന്റെ പ്രധാന ശുപാര്‍ശ. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യവിതരണം വ്യാപിപ്പിക്കണം. ജനങ്ങള്‍ക്കുള്ള ഭക്ഷ്യ, സാമ്പത്തിക വിതരണത്തില്‍ ഫലപ്രദമായ ചരിത്രമാണ് ഇന്ത്യക്കുള്ളത്. അത് തുടരുകയും വിപുലീകരിക്കുകയും വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബജറ്റില്‍, അതിന്റെ ഒരു നല്ല ഭാഗം പൊതുനിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. രാജ്യത്തിന് പ്രധാന അടിസ്ഥാന സൗകര്യ ആവശ്യങ്ങളുണ്ട്, അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം ചില ഭാഗങ്ങളില്‍ പുനരുപയോഗിക്കാവുന്നവയിലേക്ക് മാറുന്നതിനെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കും. കാരണം, ഇന്ത്യ കല്‍ക്കരിയില്‍ നിന്ന് മാറി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളിലേക്ക് നീങ്ങുന്നത് വളരെ പ്രധാനമാണ്. അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രാദേശിക മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് പൗലോ മൗറോ കൂട്ടിച്ചേര്‍ത്തു.