റഷ്യയോടുള്ള ഇന്ത്യന്‍ നിലപാട് വളരെ പ്രശസ്തമാണ്; അത് മാറാന്‍ പോകുന്നില്ല: ബോറിസ് ജോണ്‍സണ്‍

 
Johnson Modi
ഇന്ത്യ-യുകെ ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയില്‍

റഷ്യയോടുള്ള ഇന്ത്യയുടെ ചരിത്രപരമായ നിലപാട് വളരെ പ്രശസ്തമാണെന്നും അത് മാറാന്‍ പോകുന്നില്ലെന്നും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ബുച്ചയില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങളെ ഇന്ത്യയും മോദിയും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ചോദിക്കാന്‍ പലതവണ ഇടപെട്ടിട്ടുണ്ട്. സമാധാനവും യുക്രെയ്‌നില്‍നിന്ന് റഷ്യ പുറത്തുവരണമെന്നുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലാണെന്നും ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തില്‍, മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുകെ പ്രധാനമന്ത്രി. 

യുക്രെയ്‌നില്‍ റഷ്യ തുടരുന്ന ക്രൂരതകളെക്കുറിച്ചും ജോണ്‍സണ്‍ സംസാരിച്ചു. അനായാസ വിജയം അവകാശപ്പെടാന്‍ റഷ്യ ഡോണ്‍ബാസിലും തെക്കന്‍ മേഖലകളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റഷ്യന്‍ 'വിജയം' എന്നത് യാഥാര്‍ത്ഥ്യമായൊരു സാധ്യതയാണ്. തീര്‍ച്ചയായും അത് യാഥാര്‍ത്ഥ്യമാകുന്നൊരു സാധ്യതയാണ് എന്നതാണ് സങ്കടകരമായ കാര്യം. എന്നാല്‍ യുക്രെയ്ന്‍ ജനതയുടെ ആത്മവീര്യത്തെ കീഴടക്കാന്‍ പുടിന് കഴിയുകയില്ലെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. 

യുക്രെയ്നില്‍ ഉടനടി വെടിനിര്‍ത്തലിനും പ്രശ്നപരിഹാരത്തിനും വേണ്ടിയുള്ള സംഭാഷണത്തിനും നയതന്ത്രത്തിനുമാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയതെന്ന് മോദിയും ജോണ്‍സണും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സിവിലിയന്‍ മരണങ്ങളെ അസന്ദിഗ്ധമായി അപലപിച്ചു. യുക്രെയ്‌നിലെ തുടരുന്ന സംഘര്‍ഷങ്ങളിലും മാനുഷിക സാഹചര്യങ്ങളിലും നേതാക്കള്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജോണ്‍സനെ പ്രധാനമന്ത്രി മോദിയാണ് സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലാണ്. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും ബന്ധം പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ പ്രതിരോധ രംഗം ശക്തിപ്പെടുത്താന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും ജോണ്‍സണ്‍ അറിയിച്ചു. നയതന്ത്രം, പ്രതിരോധം, സാമ്പത്തികം, ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്യുന്നത്.