'ജുഡീഷ്യറി അമിതഭാരം വഹിക്കുന്നു; ആവശ്യത്തിന് കോടതികള്‍ ലഭ്യമാക്കിയാല്‍ മാത്രമേ നീതി സാധ്യമാകൂ'

രാജ്യത്തെ ജുഡീഷ്യറി അമിതഭാരം വഹിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കേസുകള്‍ തീര്‍പ്പാക്കാന്‍ മതിയായ കോടതികള്‍ ഉണ്ടെങ്കില്‍ മാത്രമേ നീതി സാധ്യമാകൂ. ഒഴിവുകള്‍ നികത്തുന്നതിനും ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനും ജഡ്ജിമാരുടെയും മറ്റുള്ളവരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഹൈദരാബാദില്‍ തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഉടന്‍ തന്നെ ഒഴിവുകള്‍ നികത്തുന്നതിനും ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും താന്‍ നടപടി സ്വീകരിച്ചിരുന്നു. മതിയായ കോടതികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമ്പോള്‍ മാത്രമേ നീതി ലഭ്യമാകൂ. ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ ജില്ലാ ജുഡീഷ്യറിയിലോ ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷമാദ്യം, വിവിധ ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ അതിനെ ലാഘവത്തോടെയാണ് കാണുന്നത്. ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യങ്ങളും ഒഴിവുകള്‍ നികത്തലും പ്രധാന ആശങ്കകളായി തന്നെ തുടരുന്നു. ആവശ്യത്തിന് കോടതികള്‍ ലഭ്യമാക്കിയാല്‍ മാത്രമേ നീതി സാധ്യമാകൂ. നമ്മുടെ ജുഡീഷ്യറി ഇതിനകം തന്നെ അമിതഭാരം വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജുഡീഷ്യല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
വ്യവഹാരക്കാര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും തര്‍ക്കത്തിന്റെ മാനുഷിക വശങ്ങള് എപ്പോഴും ഓര്‍ക്കാനും അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍മാരോട് അഭ്യര്‍ഥിച്ചു. നിയമത്തിന് തുല്യതയില്‍ നിന്ന് അകന്നുനില്ക്കാന് കഴിയില്ല. നിങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ അവസരമുള്ളപ്പോഴെല്ലാം ജുഡീഷ്യറിയുടെ മാനുഷിക മുഖം ഉയര്‍ത്തിക്കാട്ടുക എന്നത് പ്രധാനമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുള്‍പ്പെടെ കക്ഷികളുടെ വ്യത്യസ്തമായ പരാധീനതകളെക്കുറിച്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സ്വയം ബോധവാന്മാരാകുകയും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുകയും വേണം.
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സ്വയം അപ്ഡേറ്റ് ചെയ്യണം. മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളെയും കീഴ്വഴക്കങ്ങളെയും കുറിച്ച് അവബോധമുണ്ടെങ്കില്‍ മാത്രമേ, തങ്ങള്‍ക്ക് മുമ്പിലുള്ള കേസുകളില്‍ പ്രയോഗിക്കാനും നീതി ഉറപ്പാക്കാനും കഴിയൂ. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഭയമില്ലാതെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. ജഡ്ജിമാര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ശാരീരിക ആക്രമണങ്ങളെക്കുറിച്ച് അറിയാം. അത്തരം സംഭവങ്ങള്‍ തടയാന്‍ താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കോടതി മുറിക്കകത്തും പുറത്തും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ജൂലൈയില്‍, വിവിധ ട്രിബ്യൂണലുകളിലെ അംഗങ്ങളുടെ സേവനത്തിനും കാലാവധിക്കും നിബന്ധനകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടുള്ള ട്രിബ്യൂണല്‍ റിഫോംസ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, മുമ്പത്തെ നിയമത്തിന് സമാനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ട്രിബ്യൂണല്‍ റിഫോംസ് ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. അന്നുമുതല്‍, ട്രിബ്യൂണലുകളിലെ ഒഴിവുകളുടെ പ്രശ്നം ഉയര്‍ത്തിക്കാട്ടുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി പലതവണ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 'ബ്യൂറോക്രസിക്ക് ട്രിബ്യൂണലുകള്‍ ആവശ്യമില്ല എന്നതാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ധാരണ' എന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് പരാമര്‍ശിച്ചുകൊണ്ട് ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.