നിയമസഭ ഗേറ്റില്‍ ഖാലിസ്താന്‍ പതാക; അതിര്‍ത്തികള്‍ സീല്‍ ചെയ്ത് ഹിമാചല്‍ പൊലീസ്, നിരോധിത സിഖ് സംഘടന നേതാവ് പ്രധാന പ്രതി

ഹിമാചല്‍ പ്രദേശ് നിയമസഭ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്താന്‍ പതാക തൂക്കിയ സംഭവത്തില്‍ സിഖ്സ് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നും-നെതിരേ ഹിമാചല്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് ചാര്‍ജ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികള്‍ സീല്‍ ചെയ്തിരിക്കുകയാണ്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കാനും സംസ്ഥാന പൊലീസ് മേധാവി സഞ്ജയ് കുണ്ഡു ഉത്തരവ് ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഖാലിസ്താന്‍ അനുകൂല പ്രവര്‍ത്തനങ്ങളും നിരോധിത സംഘടന ജൂണ്‍ ആറിന് പ്രഖ്യാപിച്ചിരിക്കുന്ന ഖാലിസ്താന്‍ റഫറണ്ടം ദിനവും മുന്‍നിര്‍ത്തിയാണ് കര്‍ശന സുരക്ഷയ്ക്ക് പൊലീസ് ചീഫ് ഉത്തരവിട്ടിരിക്കുന്നത്. ഹിമാചല്‍ സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴി വരുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നതാണ് അതിര്‍ത്തികള്‍ സീല്‍ ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ധരംശാലയില്‍ സ്ഥിതി ചെയ്യുന്ന നിയമസഭ മന്ദിരത്തിന്റെ കവാടത്തിലും മതിലിലും ഖാലിസ്താന്‍ പതാക തൂക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി ഗുര്‍പത്വന്ത് സിംഗ് പന്നും ആണെന്നാണ് ഡിജിപി കണ്ഡു പറയുന്നത്. പന്നുവിനെതിരേ യുഎപിഎ സെക്ഷന്‍ 13, ഐപിസി സെക്ഷന്‍ 153 എ, 153 ബി, 1985 ലെ ഹിമാചല്‍ പ്രദേശ് ഓപ്പണ്‍ പ്ലേസ് ആക്ടിലെ സെക്ഷന്‍ 3 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. കങ്ക്ര ജില്ലയില്‍ നിന്നുള്ള രാം ചന്ദ് എന്ന അജയ് കുമാറിന്റെ പരാതിയിലാണ് പന്നുവിനും മറ്റുള്ളവര്‍ക്കുമെതിരേ എഫ് ഐ ആര് രിജസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവും സിഖ്സ് ഫോര്‍ ജസ്റ്റീസ് ജനറല്‍ കൗണ്‍സിലും ആണ് പ്രധാന പ്രതികളെന്നാണ് കഴിഞ്ഞ ഇറക്കിയ പത്രക്കുറിപ്പില്‍ ഡിജിപി പറയുന്നത്. ധരംശാല പൊലീസ് സ്റ്റേഷനിലാണ് നിലവിലെ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
ശനിയാഴ്ച്ച രാത്രിയിലോ പുലര്‍ച്ചയോ ആണ് നിയമസഭ മന്ദിര കവാടത്തില്‍ ഖാലിസ്താന്‍ പതാക തൂക്കിയിരിക്കുന്നത്. ഭീരുത്വ നടപടിയെന്നാണ് ഈ സംഭവത്തെ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ വിമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഞായറാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു. 'ധര്‍മ്മശാല അസംബ്ലി കോംപ്ലക്സിന്റെ കവാടത്തില്‍ രാത്രിയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഭീരുത്വം നിറഞ്ഞ സംഭവത്തെ ഞാന്‍ അപലപിക്കുന്നു. ഈ നിയമസഭയില്‍ ശീതകാല സമ്മേളനം മാത്രമേയുള്ളൂ, ആ സാഹചര്യം മുതലെടുക്കുകയാണുണ്ടായത്. അതിനാല്‍ ആ സമയത്ത് ഇവിടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ത്വരിതഗതിയിലുള്ള അന്വേഷണം നടക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇത് ചെയ്തവരോട് എനിക്ക് പറയാനുള്ളത്, ധൈര്യമുണ്ടെങ്കില്‍ പകല്‍വെളിച്ചത്തില്‍ മുന്നോട്ടു വാ, അല്ലാതെ രാത്രിയിലെ ഇരുട്ടിലല്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
കഴിഞ്ഞ ആഴ്ച സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നും ഷിംലയില്‍ ഖാലിസ്താനി പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ആന്റി ടെററിസ്റ്റ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് വിരേഷ് ഷാന്ഡില്യ, ഹിമാചല്‍ പ്രദേശ് യൂണിറ്റ് ചീഫ് രാജ്കുമാര് അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖാലിസ്താന്‍ പതാക കത്തിക്കുകയും ഖാലിസ്താന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു ഷിംലയില്‍ ഖാലിസ്താന്‍ പതാക ഉയര്‍ത്തണമെന്ന ആഹ്വാനം ഗുര്‍പത്വന്ത് സിംഗ് പന്നു നടത്തിയത്.