ഹിമാചല്‍ നിയമസഭ മന്ദിരത്തിന്റെ ഗേറ്റില്‍ ഖാലിസ്താന്‍ പതാക

ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി
 
khalisthan

ഹിമാചല്‍ നിയമസഭ മന്ദിരത്തിന്റെ പ്രധാന ഗേറ്റിലും ചുറ്റുമതിലിലും ഖാലിസ്താന്‍ പതാക തൂക്കുകയും മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഭീരുത്വ നടപടിയെന്നാണ് ഈ സംഭവത്തെ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വിമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 'ധര്‍മ്മശാല അസംബ്ലി കോംപ്ലക്സിന്റെ കവാടത്തില്‍ രാത്രിയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഭീരുത്വം നിറഞ്ഞ സംഭവത്തെ ഞാന്‍ അപലപിക്കുന്നു. ഈ നിയമസഭയില്‍ ശീതകാല സമ്മേളനം മാത്രമേയുള്ളൂ, ആ സാഹചര്യം മുതലെടുക്കുകയാണുണ്ടായത്. അതിനാല്‍ ആ സമയത്ത് ഇവിടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ത്വരിതഗതിയിലുള്ള അന്വേഷണം നടക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇത് ചെയ്തവരോട് എനിക്ക് പറയാനുള്ളത്, ധൈര്യമുണ്ടെങ്കില്‍ പകല്‍വെളിച്ചത്തില്‍ മുന്നോട്ടു വാ, അല്ലാതെ രാത്രിയിലെ ഇരുട്ടിലല്ല. ്' എന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

രാത്രിയിലോ പുലര്‍ച്ചെയോ ആണ് പതാക തൂക്കിയിരിക്കുന്നതെന്നാണ് പൊലീസ് സൂപ്രണ്ട് കങ്ക്ര കുശാല്‍ ശര്‍മ പറയുന്നത്. ' നിയമസഭ മന്ദിരത്തിന്റെ ഗേറ്റില്‍ നിന്നും ഖാലിസ്താന്‍ പതാകയെല്ലാം നീക്കം ചെയ്തു. പഞ്ചാബില്‍ നിന്നു വന്ന ചിലരുടെ പ്രവര്‍ത്തിയായിരിക്കാം ഇത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും' എന്നും എസ് കുശാല്‍ ശര്‍മ പറഞ്ഞു.


കഴിഞ്ഞ ആഴ്ച സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു ഷിംലയില്‍ ഖാലിസ്താനി പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ആന്റി ടെററിസ്റ്റ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് വിരേഷ് ഷാന്‍ഡില്യ, ഹിമാചല്‍ പ്രദേശ് യൂണിറ്റ് ചീഫ് രാജ്കുമാര്‍ അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖാലിസ്താന്‍ പതാക കത്തിക്കുകയും ഖാലിസ്താന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു ഷിംലയില്‍ ഖാലിസ്താന്‍ പതാക ഉയര്‍ത്തണമെന്ന ആഹ്വാനം ഗുര്‍പത്വന്ത് സിംഗ് പന്നു നടത്തിയത്.