'മമതയുടെ ഏജന്റ്, ഇനി നേതാവായി അംഗീകരിക്കില്ല': കല്‍ക്കട്ട ഹൈക്കോടതയില്‍ പി ചിദംബരത്തിനെതിരേ പ്രതിഷേധം

കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരാണ് പ്രതിഷേധവുമായി എത്തിയത്
 
p chidambaram

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകരുടെ പ്രതിഷേധവും കരിങ്കൊടി കാണിക്കലും. പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനു വേണ്ടി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലായിരുന്നു ചിദംബരത്തിനെതിരായ പ്രതിഷേധം. ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി നല്‍കിയ മെട്രോ ഡയറി കേസിലായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകനായി ചിദംബരം ഹൈക്കോടതിയില്‍ ഹാജരായത്. സര്‍ക്കാര്‍-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ 46 ശതമാനം ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ കെവന്റേഴ്‌സിന് വിറ്റുവെന്നാരോപിച്ചാണ് കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അഭിഭാഷകരില്‍ നിന്നും ചിദംബരത്തിനെതിരേ ഉണ്ടായത്. കോടതിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ചിദംബരത്തിന്റെ കാര്‍ തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമനിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് അദ്ദേഹത്തെ കടത്തി വിട്ടത്. ചിദംബരത്തെ കരിങ്കൊടി കാണിച്ച അഭിഭാഷകര്‍ ഗോ ബാക്ക് വിളികളുമായും അദ്ദേഹത്തെ നേരിട്ടു. മമത ബാനര്‍ജിയുടെ ഏജന്റായ ചിദംബരം കോണ്‍ഗ്രസിന്റെ പതനത്തിന് കാരണക്കാരാണെന്നും അഭിഭാഷകര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും തൃണമൂല്‍ ഭരണത്തില്‍ ദുരിതം അനുഭവിക്കുകയാണെന്നും, ബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്ത് തുപ്പുകയാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. ' പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തൃണമൂലുകാരാല്‍ ആക്രമിക്കപ്പെട്ടിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ തൃണമൂലിനു വേണ്ടി നില്‍ക്കുന്നു. ഇത് ഞങ്ങള്‍ അപലപിക്കുന്നു. ഇതുപോലെ വില്‍പ്പനയ്ക്ക് തയ്യാറായി നില്‍ക്കുന്ന നേതാക്കള്‍ കാരണമാണ് കോണ്‍ഗ്രസ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മുതല്‍ പി ചിദംബരത്തെ ഒരു കോണ്‍ഗ്രസ് നേതാവായി ഞങ്ങള്‍ അംഗീകരിക്കുന്നില്ല'- അഭിഭാഷകരിലൊരാളായ കൗസ്തഭ് ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാനില്ലെന്നാണ് പി ചിദംബരം പറഞ്ഞത്. ' ഇതൊരു സ്വതന്ത്ര രാജ്യമാണ്. എനിക്കൊന്നും പ്രതികരിക്കാനില്ല, ഞാനെന്തിന് പ്രതികരിക്കണം?' എന്നായിരുന്നു ചിദംബരത്തിന് പറയാനുണ്ടായിരുന്നത്. ചിദംബരത്തിനെതിരെയുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. എന്നാല്‍, ചിദംബരത്തിനെതിരേ എന്തെങ്കിലും പ്രതികൂലമായി പറയാനും അദ്ദേഹം തയ്യാറായില്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഏതൊരു കക്ഷിക്കുവേണ്ടിയും ഹാജരാകാന്‍ ചിദംബരത്തിന് അവകാശമുണ്ടെന്നാണ് ചൗധരി പറഞ്ഞത്. ' ഇതൊരു പ്രൊഷണല്‍ ലോകം ആണ്. ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കുന്നു. ആര്‍ക്കും അവനോടോ അവളോടോ നിര്‍ദേശിക്കാനൊന്നും കഴിയില്ല' എന്നായിരുന്നു ന്യൂസ് ഏജന്‍സിയായ പിടി ഐയോട് നടത്തിയ പ്രതികരണത്തില്‍ ചൗധരി വ്യക്തമാക്കിയത്.