ആറു മാസം പ്രായമുള്ള കുഞ്ഞിനെയും മാനസിക വൈകല്യമുള്ള സഹോദരിയെയും പീഡിപ്പിച്ചു; പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ഡല്‍ഹിയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞും അവളുടെ മാനസിക വൈകല്യമുള്ള 14 കാരിയായ സഹോദരിയും ലൈംഗിക പീഢനത്തിനിരയായി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പൂര് ബദ്ലി ഏരിയയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വരുന്നത്. പ്രതികളിലൊരാളായ 40 കാരനെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടകൂടിയിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണെന്നാണ് പറയുന്നത്. ജഹാംഗീര്‍പുരി സ്വദേശിയായ കമല്‍ മല്‍ഹോത്ര എന്ന ചിന്നുവാണ് പിടിയിലായത്. രാജ് അഥവ രാജു എന്നയാളെയാണ് പിടികൂടാനുള്ളത്.

ഏപ്രില്‍ 29 വെള്ളിയാഴ്ച്ചയാണ് സംഭവം. കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു പ്രതികളുടെ ക്രൂരത. അമ്മ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ അവിടെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ അയല്പക്കത്ത് നിന്നും കുട്ടികളുടെ കരച്ചില് കേട്ട് ചെന്നു നോക്കുമ്പോഴാണ് രാജും ചിന്നുവും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് കാണുന്നത്. അമ്മയെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പീഡനത്തിനിരയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികളുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ശനിയാഴ്ച്ചയാണ് ചിന്നുവിനെ കണ്ടെത്തുന്നത്. സയമ്പൂര് ബദ്ലി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഒരു പാര്‍ക്കില്‍ വച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തുന്നത്. കീഴടങ്ങാനുള്ള പൊലീസിന്റെ ആവശ്യം നിരാകരിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നാടന്‍ തോക്ക് എടുത്ത് പൊലീസനു നേരെ ചിന്നു വെടി ഉതിര്‍ത്തു. ഇതോടെ പൊലീസും തിരിച്ചു വെടിവച്ചു. ഒരു വെടി ചിന്നുവിന്റെ കാലിലേല്ക്കുകയും ഇയാള്‍ വീഴുകയുമായിരുന്നുവെന്നുമാണ് ഔട്ടര്‍ നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ബ്രിജേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. കൂലി വേലക്കാരനായിരുന്ന ചിന്നു ഇപ്പോള്‍ ജോലിക്കൊന്നും പോകുന്നില്ലെന്നും സംഭവ സമയത്ത് പ്രതികള്‍ രണ്ടു പേരും ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.