അമ്മ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചു; ദളിത് ബാലനെക്കൊണ്ട് കാല് നക്കിച്ച് ' ഉന്നത ജാതി'ക്കാരുടെ ക്രൂരത

ഉത്തര്‍പ്രദേശിലെ റായ്ബലേറിയിലാണ് സംഭവം
 
dalit

ദളിതനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിപ്പിച്ച് ഉയര്‍ന്ന ജാതിക്കാരെന്ന് അവകാശപ്പെടുന്നവരുടെ ശിക്ഷാവിധി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നാണ് ഈ ക്രൂരതയുടെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ദളിത് ബാലനോട് കാണിക്കുന്ന ക്രൂരതകളുടെ രണ്ടര മിനിട്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ബെല്‍റ്റ് കൊണ്ട് ഉള്‍പ്പെടെ ക്രൂരമായ മര്‍ദ്ദനത്തിനും ദളിത് ബാലനെ ഇരയ്ക്കുന്നുണ്ട്.

ഒരു മൈതാനത്ത് കുത്തിയിരുത്തിക്കൊണ്ട് ദളിത് ബാലന്‍ ഏത്തമിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രതികളിലൊരാള്‍ സമീപത്ത് തന്നെ മോട്ടോര്‍ ബൈക്കിലിരുപ്പുണ്ട്. ഇയാളുടെ കാലാണ് ദളിത് ബാലനെക്കൊണ്ട് നക്കിക്കുന്നത്.

ദളിതന്‍ ബാലന്‍ ഭയംകൊണ്ട് വിറയ്ക്കുകയാണ്. ചുറ്റും നില്‍ക്കുന്ന പ്രതികള്‍ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയാണ്. ദളിത് ബാലനെക്കൊണ്ട് ഇവര്‍ ' താക്കൂര്‍' എന്നു വിളിപ്പിക്കുന്നതും കേള്‍ക്കാം. ഉന്നത ജാതിയെന്ന് ആവകാശപ്പെടുന്നവരാണ് താക്കൂര്‍ വിഭാഗം. ' ഇനിയും തെറ്റ് ആവര്‍ത്തിക്കുമോടാ' എന്നും ദളിത് ബാലനോട് പ്രതികള്‍ ആക്രോശിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ പ്രതികള്‍ ആരോപിക്കുന്നത് കഞ്ചാവ് വില്‍പ്പനക്കാരനെയാണ് തങ്ങള്‍ പിടികൂടിയതെന്നാണ്.

ഏപ്രില്‍ 10 ന് ആണ് ഈ സംഭവം നടന്നത്. ദളിത് ബാലനെ ഉപദ്രവിക്കുന്ന വീഡിയോയില്‍ കാണുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉപദ്രവിക്കപ്പെട്ട വ്യക്തി ഔദ്യോഗികമായി പരാതിപ്പെട്ടതിനു ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അറസ്റ്റിലായവര്‍ ഉന്നത ജാതിയില്‍പ്പെട്ടവര്‍ എന്ന് അവകാശപ്പെടുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.

വിധവയായ അമ്മയ്‌ക്കൊപ്പമാണ് ദളിത് ബാലന്‍ താമസിക്കുന്നത്. പ്രതികളില്‍ ചിലരുടെ നിലങ്ങളിലാണ് ഇരയായ ബാലന്റെ അമ്മ ജോലി ചെയ്തിരുന്നത്. അമ്മ ജോലി ചെയ്തതിന്റെ കൂലി ദളിത് ബാലന്‍ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് പ്രാദേശക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ പ്രതികാരമായാണ് ദളിത് ബാലനെ പിടികൂടി കാല് നക്കിക്കുകയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തത്. എന്നാല്‍ പൊലീസ് എഫ് ഐ ആറില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പൊലീസ് പറയുന്ന കാരണം, സ്‌കൂളില്‍ നടന്ന തര്‍ക്കമാണെന്നാണ്.

അറസ്റ്റിലായവരില്‍ പ്രധാന പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റായ്ബറേലി പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറയുന്നത്. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നത്. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃതിക് സിംഗ്, അമന്‍ സിംഗ്,യഷ് പ്രതാപ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെല്ലാം മുതിര്‍ന്നവരാണ്.