'ഉദ്യോഗസ്ഥരെ ആക്രമിച്ചു'; ജാമ്യം കിട്ടിയതിനു പിന്നാലെ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് മേവാനി
 
jignesh mevani

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന കേസില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയതിനു പിന്നാലെ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നതാണ് മേവാനിക്കെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അസമിലെ ബാര്‍പെറ്റ പൊലീസാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്നാണ് കിട്ടുന്ന മറ്റൊരു വിവരം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അസമിലെ കൊക്രാജര്‍ കോടതി മേവനിക്ക് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് മേവാനിയെ പൊലീസ് വീണ്ടും പിടികൂടിയത്.

പ്രധാനമന്ത്രിയുടെ ഓഫിസ് പൊലീസിനെ ഉപയോഗിച്ച് തനിക്കെതിരേ നടത്തുന്ന പ്രതികാരമാണിതെന്നായിരുന്നു ജാമ്യം കിട്ടിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മേവാനി കുറ്റപ്പെടുത്തിയത്. ' ബിജെപിയും ആര്‍എസ്എസും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. എന്റെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണവര്‍ നടത്തുന്നത്. വളരെ ആസൂത്രിതമായിട്ടാണിതവര്‍ നടപ്പാക്കുന്നത്. ഇതവര്‍ രോഹിത് വെമുലയോട് ചെയ്തു, ചന്ദ്രശേഖര്‍ ആസാദിനോട് ചെയ്തു, ഇപ്പോഴവര്‍ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു''- മേവാനി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണമെന്ന് അവകാശപ്പെടുന്ന രണ്ട് ട്വീറ്റുകളാണ് അറസ്റ്റിന് കാരണമായത്. ബനസ്‌കന്തയിലെ പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചാണ് അസമില്‍ നിന്നുള്ള നാല് പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ പോലീസ് നല്‍കാത്തിതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദ് വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കളും മേവാനിയുടെ  അനുയായികളും ബഹളം വച്ചതിന് ശേഷമാണ് മേവാനിയുടെ ട്വീറ്റുകള്‍ക്ക് കേസ് വെളിപ്പെടുത്തുന്ന രേഖ പോലീസ് കാണിച്ചതെന്നും മേവാനിയുടെ അടുത്ത സഹായി പറഞ്ഞതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. 

അസമിലെ കൊക്രജാര്‍ ജില്ലയിലെ ഭവാനിപൂര്‍ സ്വദേശിയായ അനുപ് കുമാര്‍ ദേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മേവാനിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 153 (എ) (സമൂഹങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295(എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 504, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഐടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ജിഗ്നേഷ് മേവാനിക്കെതിരേ ചുമത്തിയിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളും കടുത്ത മോദി വിമര്‍ശകനുമായ മേവാനി.