രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം ഞെട്ടിപ്പിക്കുന്നു; സംയുക്ത നിവേദനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

 
Narendra Modi
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത്തില്‍ ഉത്കണ്ഠ

 

രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പാലിക്കണമെന്നും വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളെ അപലപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനത്തില്‍ നടുക്കം രേഖപ്പെടുത്തി. മതഭ്രാന്ത് പ്രചരിപ്പിക്കുന്നവര്‍ക്കും, വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സമൂഹത്തെ പ്രകോപിപ്പിക്കുന്നവര്‍ക്കുമെതിരെ സംസാരിക്കാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നു. സ്വകാര്യ സായുധ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകര്‍തൃത്വത്തിന്റെ ആഡംബരങ്ങള്‍ ആസ്വദിക്കുന്നു എന്നതിന്റെ വാചാലമായ സാക്ഷ്യമാണ് ഈ മൗനം. അതില്‍ ആശങ്കയുണ്ട്. രാജ്യം അതിന്റെ വൈവിധ്യങ്ങളെ പൂര്‍ണമായി ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ആഘോഷിക്കുകയും ചെയ്താല്‍ മാത്രമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന ഉറച്ച ബോധ്യം ആവര്‍ത്തിക്കുന്നതായും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത നിവേദനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ഡിഎംകെ, ആര്‍ജെഡി, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ഐയുഎംഎല്‍, സിപിഐ-എംഎല്‍ എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. അതേസമയം, ശിവസേന, ബിഎസ്പി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ പങ്കാളികളായില്ല. 

ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങള്‍, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങള്‍ സാമൂഹ്യധ്രുവീകരണത്തിന് ഭരണവര്‍ഗം ഉപയോഗിക്കുന്ന രീതിയില്‍ അതിയായ മനോവേദനയുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. ഔദ്യോഗിക രക്ഷാകര്‍തൃമുള്ളവരെന്ന് തോന്നിക്കുന്നവരില്‍നിന്ന് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളിലും അവര്‍ക്കെതിരെ അര്‍ത്ഥവത്തായതും ശക്തവുമായ നടപടികളൊന്നും സ്വീകരിക്കാത്തതിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. 
  
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ ദുഷ്‌കരമായ ഒരു മാതൃകയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതിനാല്‍, ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. വര്‍ഗീയ അക്രമം അഴിച്ചുവിടുന്ന ആക്രമണാത്മക സായുധ മത ഘോഷയാത്രകള്‍ക്ക് മുമ്പായിരുന്നു പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍. 

വിദ്വേഷവും മുന്‍വിധിയും പ്രചരിപ്പിക്കുന്നതിനായി സാമുഹ്യ മാധ്യമങ്ങളും ഓഡിയോ-വിഷ്വല്‍ പ്ലാറ്റ്‌ഫോമുകളും ഔദ്യോഗിക രക്ഷാകര്‍തൃത്തോടെ ദുരുപയോഗം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ അങ്ങേയറ്റം വേദനിക്കുന്നു. 

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവരുടെയും, വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും നമ്മുടെ സമൂഹത്തെ പ്രകോപിപ്പിക്കുന്നവരുടെയും വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരെ സംസാരിക്കാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം ഞങ്ങളെ നടുക്കുന്നു. ഇത്തരം സ്വകാര്യ സായുധ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകര്‍തൃത്വത്തിന്റെ ആഡംബരം ആസ്വദിക്കുന്നു എന്നതിന്റെ വാചാലമായ സാക്ഷ്യമാണ് ഈ മൗനം.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന വിഷലിപ്തമായ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കാനും നേരിടാനുമുള്ള 'കൂട്ടായ ദൃഢനിശ്ചയം' പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചു. നമ്മുടെ രാജ്യം അതിന്റെ വൈവിധ്യങ്ങളെ പൂര്‍ണമായി ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ആഘോഷിക്കുകയും ചെയ്താല്‍ മാത്രമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന ഉറച്ച ബോധ്യം ആവര്‍ത്തിക്കുന്നു. സമാധാനം നിലനിര്‍ത്താനും വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ച കൂട്ടാന്‍ ആഗ്രഹിക്കുന്നവരുടെ ദുഷിച്ച ലക്ഷ്യം പരാജയപ്പെടുത്താനും എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ സ്വതന്ത്രമായും സംയുക്തമായും പ്രവര്‍ത്തിക്കാന്‍ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ എല്ലാ പാര്‍ട്ടി യൂണിറ്റുകളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്നും നേതാക്കള്‍ സംയുക്ത നിവേദനത്തില്‍ ആവശ്യപ്പെടുന്നു. 

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖര്‍ഗാവില്‍ പോലീസുകാരനടക്കം 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. ഝാര്‍ഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങള്‍ അരങ്ങേറി. ഝാര്‍ഖണ്ഡില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎന്‍യുവിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

joint appeeal