രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യാനുള്ള സ്‌ഫോടകവസ്തുക്കളുമായി പാക് ബന്ധമുള്ള ഖാലിസ്താന്‍ വിഘടനവാദികള്‍ പിടിയില്‍

ഹരിയാനയിലെ ഒരു ടോള്‍പ്ലാസയില്‍വച്ചാണ് പ്രതികളെ പിടികൂടിയത്
 
terrorist

ആയുധങ്ങളും വന്‍ സ്‌ഫോടക വസ്തുക്കളുമായി പാക് ബന്ധമുള്ള നാല് ഖാലിസ്താന്‍ വിഘടനവാദികള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഒരു ടോള്‍ പ്ലാസയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്രയിലെ നന്‍ഡേഡ്, തെലങ്കാനയിലെ അദിലബാദ് എന്നിവിടങ്ങളില്‍ സ്‌ഫോടക വസ്തുകള്‍ വിതരണം ചെയ്യാനായിരുന്നു അറസ്റ്റിലായവരുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിതരണം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറയുന്നു.

പിടിയിലായവരില്‍ പ്രധാനിയായ ഗുര്‍പീത് നേരത്തെ ജയിലില്‍ ആയിരുന്നുവെന്നും അവിടെ വച്ച് പാകിസ്താന്‍ ബന്ധമുള്ള രാജ്ബീറിനെ പരിചയപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. ഗുര്‍പ്രീതിനെ കൂടാതെ ഭൂപിന്ദര്‍, അമന്‍ദീപ്, പരമിന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലുപേര്‍ക്കും പാക് ചാരസംഘടനയായ ഐഎസ് ഐയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായാണ് പൊലീസ് പറയുന്നത്. ഹര്‍വീന്ദര്‍ സിംഗ് എന്നയാളുടെ നിര്‍ദേശമനുസരിച്ചാണ് പിടിയിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പാകിസ്താനില്‍ ഇരുന്നാണ് ഹര്‍വീന്ദര്‍ ഇവരെ നിയന്ത്രിക്കുന്നതെന്നുമാണ് പൊലീസ് വിവരിക്കുന്നത്.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ പുലര്‍ച്ചെ നാല് മണിക്ക് കര്‍ണാല്‍ ബസ്ത്ര ടോള്‍ പ്ലാസയില്‍ വച്ചാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന ടയോറ്റ ഇന്നോവ എസ് യു വി പിടികൂടുന്നത്. ബോംബ് നിര്‍മാര്‍ജ്ജന വിദഗ്ധന്റെയും മിലട്ടറി ഗ്രേഡ് മിനി-റോവറിന്റെയും സഹായത്തോടെയാണ് പിടികൂടിയ വാഹനം പരിശോധിച്ചത്. ഐഇഡികളാണ് പ്രധാനമായും ഇവര്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ടിടങ്ങളില്‍ ഇവര്‍ മുമ്പ് ഐഇഡികള്‍ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നാടന്‍ തോക്കുകളും 31 ബുള്ളറ്റുകളും മൂന്ന് ഐഇഡികള്‍ നിറച്ച മൂന്നു അയണ്‍ കണ്ടയ്‌നറുകളും 1.3 ലക്ഷം രൂപയും പ്രതികളുടെ വണ്ടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രാഥമിക വിവരമനുസരിച്ച് പിടിയിലായവര്‍ ആയുധങ്ങള്‍ ലക്ഷ്യസ്ഥലങ്ങളില്‍ എത്തിക്കുന്നവരാണെന്നാണ് കര്‍ണാല്‍ റേഞ്ച് ഐ ജി സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് റിമാന്‍ഡില്‍ വാങ്ങുമെന്നും അതിനുശേഷം വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്നുമാണ് ഐജി പറയുന്നത്.