'പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍'; അരവിന്ദ് കേജരിവാളും പഞ്ചാബ് സര്‍ക്കാരും വിവാദത്തില്‍

എഎപി മുന്‍ നേതാവ് കുമാര്‍ വിശ്വാസിനെതിരായ കേസാണ് വിവാദത്തിന് കാരണം
 
aap

ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ആയിരുന്ന കുമാര്‍ വിശ്വാസിനെതിരായ പൊലീസ് നടപടി ആം ആദ്മി പാര്‍ട്ടിയെയും പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിനെയും വിവാദത്തിലാക്കിയിരുന്നു. കുമാര്‍ വിശ്വാസിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുകയാണ് പഞ്ചാബ് പൊലീസ്. ബുധനാഴ്ച്ച പുലര്‍ച്ചെ വിശ്വാസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രതികാരം എന്നാണ് തനിക്കെതിരേയുള്ള നീക്കങ്ങളെ കുമാര്‍ വിശ്വാസ് കുറ്റപ്പെടുത്തുന്നത്. ആം ആദ്മി സര്‍ക്കാരിനെതിരേ ഈ വിഷയത്തില്‍ ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷമാദ്യം ഒരു ചാനല്‍ അഭിമുഖത്തില്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കേജരിവാളിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ കുമാര്‍ വിശ്വാസ് നടത്തിയിരുന്നു. സ്വതന്ത്ര ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയാകാനാണ് അയാള്‍ ആഗ്രഹിക്കുന്നതെന്നും കേജരിവാളിന്റെ പേരെടുത്ത് പറയാതെ കുമാര്‍ വിശ്വാസ് ആക്ഷേപിച്ചിരുന്നു. ' പഞ്ചാബ് പൊലീസ് ഇന്നു പുലര്‍ച്ചെ എന്റെ വീട്ടു പടിക്കല്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഞാനൊരു മുന്നറിയിപ്പ് നല്‍കുകയാണ്. പഞ്ചാബിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയ അധികാരം വച്ച് കളിക്കാന്‍ ഡല്‍ഹിയിലിരിക്കുന്നയാളെ നിങ്ങള്‍ അനുവദിച്ചാല്‍, അയാള്‍ ഒരു ദിവസം നിങ്ങളെയും പഞ്ചാബിനെയും ഒറ്റുകൊടുക്കും. ഈ രാജ്യം എന്റെ മുന്നറിയിപ്പ് ഓര്‍ത്തിരിക്കണം'-കുമാര്‍ വിശ്വാസ് ട്വിറ്ററില്‍ കുറിച്ചു. പൊലീസുകാര്‍ തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.


ഈ സംഭവം പരമാവധി മുതലെടുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അരവിന്ദ് കേജരിവാള്‍ പഞ്ചാബ് പൊലീസിനെ ഉപയോഗിക്കുകയാണെന്നാണ് ബിജെപി പഞ്ചാബ് ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ ആരോപിച്ചത്. 'പൊലീസ് ആദ്യം തജീന്ദര്‍ ഭാഗയുടെ വീട്ടില്‍ ചെന്നു. ഇപ്പോള്‍ കുമാര്‍ വിശ്വാസിന്റെ വീട്ടിലും. ഭഗവന്ദ് മന്‍ പൂര്‍ണമായും അരവിന്ദ് കേജരിവാളിന് കീഴടങ്ങിയെന്നാണ് ഇത് കാണിക്കുന്നത്- സുഭാഷ് ശര്‍മയുടെ വാക്കുകള്‍. കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേജരിവാളിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച നേതാവും ബിജെപി ഡല്‍ഹി ഘടകം വക്താവുമായ തജീന്ദര്‍ പാല്‍ സിംഗ് ഭാഗയ്‌ക്കെതിരേ പഞ്ചാബ് പൊലീസ് കേസ് എടുത്തത്. ഈ കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തജീന്ദറിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പൊലീസിനെ ദുര്യുപയോഗം ചെയ്യുന്ന മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എന്തു വ്യത്യാസമാണ് ആം ആദ്മി പാര്‍ട്ടിക്കെന്നായിരുന്നു പഞ്ചാബ് നിയമസഭയിലെ കോണ്‍ഗ്രസ് അംഗമായ  സുഖ്പാല്‍ സിംഗ് ഖാരിയ ചോദിച്ചത്.' നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അരവിന്ദ് കേജരിവാളിനെതിരേ നടത്തിയ പ്രസ്താവനയുടെ പേരില്‍ കുമാര്‍ വിശ്വാസിനെതിരേ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ നിശിതമായി വിമര്‍ശിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്കും പരമ്പരാഗത പാര്‍ട്ടികള്‍ക്കും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചാബ് പൊലീസിനെ ഉപയോഗിക്കരുതെന്നാണ് ഭഗവന്ത് മന്നിനോട് ഞാന്‍ ആവശ്യപ്പെടുന്നത്'- സുഖ്പാല്‍ സിംഗ് ഖാരിയ ട്വിറ്ററില്‍ കുറിച്ചു.