കോണ്‍ഗ്രസ് ഓഫര്‍ നിരസിച്ച് പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ഒരു മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രശാന്ത് കിഷോര്‍ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ് പ്രശാന്ത് കോണ്‍ഗ്രസിലേക്കില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ' പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ചകള്‍ക്കും അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കും പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപീകരിക്കുകയും പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ചേരാനും ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കാനും ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആ ക്ഷണം നിരാകരിച്ചിരിക്കുകയാണ്. അദ്ദേഹം പാര്‍ട്ടിക്ക് നല്കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു'- സുര്‍ജേവാല ട്വീറ്റ് ചെയ്തു.

'എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായി പാര്‍ട്ടിയില്‍ ചേരാനും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള കോണ്‍ഗ്രസിന്റെ ഉദാരമായ വാഗ്ദാനം ഞാന്‍ നിരസിക്കുന്നു'' എന്നായിരുന്നു പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്. 'എന്റെ വിനീതമായ അഭിപ്രായത്തില്‍, എന്നേക്കാള്‍ കൂടുതല്‍ പാര്‍ട്ടിക്ക് നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയുമാണ് ആവശ്യം, ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്നങ്ങള്‍ പരിവര്‍ത്തന പരിഷ്കാരങ്ങളിലൂടെ പരിഹരിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രശാന്ത് കിഷോര്‍ പിന്‍വലിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില നേതാക്കള്‍ക്ക് പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുന്നതിനോടും യോജിപ്പില്ലായിരുന്നു. പാര്‍ട്ടിയില്‍ അയാള്‍ സുപ്രധാന സ്ഥാനം നേടിയെടുക്കുമോയെന്ന് ഭയന്നവരായിരുന്നു അക്കൂട്ടര്‍. പൂര്‍ണ സ്വാതന്ത്ര്യം നല്കി ഇഷ്ടാനുസരണം കാര്യങ്ങള്‍ ചെയ്യാന്‍ വിട്ടാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു പ്രശാന്തിന്റെ വരവില്‍ വിയോജിപ്പ് പറഞ്ഞവരുടെ വാദം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോണിയ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പ്രശാന്ത് കിഷോറുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ പ്രശാന്ത് സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയതും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം ഉറപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു.. ബഹുജനങ്ങളെ കോണ്‍ഗ്രസില്‍ അണിനിരത്തുക,കോണ്‍ഗ്രസിന്റെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുക, ആശയക്കുഴപ്പം ഇല്ലാത്ത തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഉണ്ടാക്കുക, 'ഒരു കുടുംബം, ഒരു ടിക്കറ്റ്' എന്ന രീതി നടപ്പാക്കുക, അതുവഴി നിലവിലുള്ള കുടുംബ രാഷ്ട്രീയം എന്ന ആരോപണം ഇല്ലാതാക്കും, പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പിലൂടെ സംഘടനാ സ്ഥാപനങ്ങള്‍ പുനഃസംഘടിപ്പിക്കുക, കോണ്‍ഗ്രസ് പ്രസിഡന്റും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങള്‍ക്കും നിശ്ചിത കാലാവധി നിശ്ചയിക്കുക, താഴേത്തട്ടില്‍ സജീവമായ 15,000 നേതാക്കളെ കണ്ടെത്തി ഇവര്‍ വഴി ഒരു കോടിയംഗങ്ങള് അടങ്ങുന്ന ഒരു പ്രവര്‍ത്തക ഗ്രൂപ്പിനെ ഉണ്ടാക്കുക, 200-ലധികം സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്ന ചിന്തകര്‍ പൊതുസമൂഹത്തിലെ പ്രമുഖര്‍ എന്നിവരെ സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനു മുന്നില്‍ സമര്‍പ്പിച്ചിരുന്ന നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഴംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. പി ചിദംബരം, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അംബിക സോണി, ജയ്റാം രമേശ്,, ദിഗ്വിജയ് സിംഗ്സ രണ്‍ദീപ് സിംഗ് സുര്‍ജെവാല എന്നവരടങ്ങിയ സമിതി പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഒരു നിര്‍ണായക യോഗം സോണിയ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപീകരിക്കാന്‍ തീരുമാനമായത്.