കസേര തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; മുഖ്യമന്ത്രിയെ മാറ്റിയുള്ള ബിജെപി തന്ത്രം ത്രിപുരയില്‍ പിഴയ്ക്കുമോ?

തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയമുള്ളപ്പോഴാണ് ത്രിപുരയില്‍ മുഖ്യമന്ത്രിയെ മാറ്റിയത്
 
tripura

കാല്‍ നൂറ്റുകാലത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചുകൊണ്ട് പിടിച്ചെടുത്ത ത്രിപുരയുടെ ഭരണം നിലനിര്‍ത്തുക ബിജെപിയുടെ അഭിമാന പ്രശ്‌നമാണ്. അതിനുവേണ്ടിയുള്ള തന്ത്രപരമായ നീക്കങ്ങളില്‍ ഒന്നായിരുന്നു തെരഞ്ഞെടുപ്പിന് വെറും ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയെ മാറ്റിയത്. മറ്റിടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള തന്ത്രമാണെങ്കിലും ത്രിപുരയില്‍ കാര്യങ്ങള്‍ അല്‍പ്പം പന്തികേടിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയ നടപടി അംഗീകരിക്കാത്ത എംഎല്‍എമാര്‍ ഉണ്ടെന്നതാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുുന്നത്. തങ്ങളോട് കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്നാണ് എംഎല്‍എമാരുടെ രോഷത്തിനു കാരണം. ശനിയാഴ്ച്ച നടന്ന നിയമസഭ കക്ഷിയോഗത്തില്‍ കസേരകള്‍ തല്ലിപ്പൊട്ടിക്കുന്നതില്‍ വരെയെത്തിയ പ്രതിഷേധവും അതിന്റെ ഭാഗമായിരുന്നു. എന്തിനാണ് ബിപ്ലവ് ദേബിനെ മാറ്റിയതെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കേന്ദ്രനേതൃത്വം നല്‍കിയിട്ടില്ല. എവിടെയും തൊടാത്ത പ്രതികരണമാണ് ബിപ്ലബ് ദേബും നല്‍കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കുഴപ്പങ്ങള്‍ തന്നെയാണ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിക്ക് കാലാവധി തികയ്ക്കും മുന്നേ കസേരയൊഴിയേണ്ടി വന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരെ കണ്ടു വന്നതിനു പിന്നാലെയാണ് ശനിയാഴ്ച്ച ഉച്ചയോടെ അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ രാജ്യഭവനില്‍ എത്തി ഗവര്‍ണര്‍ സത്യദിയോ നാരായണ്‍ ആര്യയെ കണ്ട് ബിപ്ലബ് ദേബ് രാജി സമര്‍പ്പിച്ചത്. ബിപ്ലബിന്റെ രാജി വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പേള്‍ ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എംപിയുമായ ഡോ. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

ത്രിപുരയിലെ കോണ്‍ഗ്രസിന്റെ പ്രധാന മുഖമായിരുന്ന സാഹ 2016 ല്‍ ആണ് ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ മാസമാണ് സംസ്ഥാനത്തു നിന്നുള്ള ഏക രാജ്യസഭ സീറ്റില്‍ വിജയിച്ച് സാഹ പാര്‍ലമെന്റില്‍ എത്തുന്നത്. നിയമസഭ കക്ഷിയോഗത്തില്‍ സാഹയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിപ്ലബ് കുമാര്‍ തന്നെയാണെന്നാണ് പറയുന്നത്. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങളില്‍ തികച്ചും അസ്വസ്ഥരായിരുന്നു. ബിജെപി നേതൃത്വം മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തങ്ങളുമായി കൂടിയാലോചന നടത്താതെ തിടുക്കത്തില്‍ കൈക്കൊണ്ടു എന്നാണ് അവരുടെ പ്രധാന പരാതി. പരാതി മാത്രമല്ല, അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. സാഹയെ മുഖ്യമന്ത്രിയാക്കിയത് അംഗീകരിക്കാന്‍ തയ്യാറാകാത്തവരുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു സംസ്ഥാന മന്ത്രിയായ രാം പ്രസാദ് പോള്‍. അദ്ദേഹം തന്റെ ദേഷ്യം തീര്‍ത്തത് ഏതാനും കസേരകള്‍ തല്ലിതകര്‍ത്തായിരുന്നു. ഞാന്‍ മരിക്കും എന്ന് അലറിക്കൊണ്ടായിരുന്നു രാം പ്രസാദ് കസേരകള്‍ നിലത്തടിച്ചുടച്ചത്. നിലവിലെ ഉപമുഖ്യന്ത്രിയും രാജകുടുംബാംഗവുമായ ജിഷ്ണു ദേവ് വര്‍മയെ മുഖ്യമന്ത്രിയാക്കാനായിരുന്നു രാം പ്രസാദിനെ പോലുള്ളവരുടെ ആഗ്രഹം. ജിഷ്ണു ദേവ് വര്‍മയുടെ പേരായിരുന്നു ബിപ്ലബ് ദേബിന്റെ രാജിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മണിക് സാഹ ആ സ്ഥാനം കരസ്ഥമാക്കിയത്.

ബിപ്ലബ് ദേബ് ആകട്ടെ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനു പിന്നാലെ വളരെ വൈകാരികമായ പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ തന്നെ നിയോഗിക്കാനായിരിക്കും പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നായിരുന്നു ബിപ്ലബിന്റെ സ്ഥാനനഷ്ടത്തിനുശേഷമുള്ള ആദ്യ പ്രതികരണം. ബിജെപിയുടെ അടിത്തറ ത്രിപുരയില്‍ ശക്തിപ്പെടുത്താന്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  ' പാര്‍ട്ടി നേതൃത്വം ഏത് പുതിയ റോള്‍ തന്നാലും ഞാനെന്റെ കടമ നിര്‍വഹിക്കും. അടുത്ത പടിയായി ഞാനെന്ത് ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്, എനിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. ആ തീരുമാനം ഞാന്‍ അനുസരിക്കും. ഞങ്ങളെല്ലാവരും ബിജെപിയുടെ അനുസരണയുള്ള പടയാളികളാണ്'- ബിപ്ലബ് ദേബ് പറയുന്നു.

നിയമസഭ കക്ഷിയോഗത്തിനു പിന്നാലെ ബിപ്ലബ് ദേബ് പറഞ്ഞത് തനിക്കും തന്നെ പിന്തുണയ്ക്കുന്നവരും ഇതൊരു വൈകാരിക സമയമായിരുന്നുവെന്നാണ്. ' ഞാന്‍ പൂര്‍ണമായ സമര്‍പ്പണത്തോടെയാണ് ജോലി ചെയ്തത്. അതുകൊണ്ട് തന്നെ ഞാന്‍ വികാരാധീതനാകുന്നത് സ്വാഭാവികമാണ്. ഇന്ത്യക്കാര്‍ എല്ലാവരും വികാരധീതരാണ്. എനിക്കൊപ്പം ജോലി ചെയ്ത നേതാക്കളും എംഎല്‍എമാരും വികാരാധീതരാകുന്നതും അതുകൊണ്ട് തന്നെ സ്വാഭാവികമാണ്' ബിപ്ലബ് ദേബ് പറഞ്ഞു.