ഡാനിഷ് സിദ്ദിഖി അടക്കം നാല് ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് പുലിസ്റ്റര്‍

ഇന്ത്യയിലെ കോവിഡ് ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്
 
danish

അഫ്ഗാനിസ്താനില്‍ വച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ പത്ര ഫോട്ടോഗ്രാഫര്‍ ഡാനിഷ് അലിക്ക് പുലിസ്റ്റര്‍ പുരസ്‌കാരം. ഡാനിഷിനെ ഇത് രണ്ടാം തവണയാണ് പുലിസ്റ്റര്‍ പുരസ്‌കാരം തേടിവരുന്നത്. ഡാനിഷ് അടക്കം നാല് ഇന്ത്യന്‍ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പത്രപ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരമായ പുലിസ്റ്ററിന് ഇത്തവണ അര്‍ഹരായി. വാഷിംഗ്ടണ്‍ പോസ്റ്റിലെ അദ്‌നാന്‍ അബിദി, സന്നാ ഇര്‍ഷാദ് മട്ടൂ, അമിത് ദേവ് എന്നിവര്‍ക്കൊപ്പമാണ് റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഡാനിഷും മരണാനന്തര ബഹുമതിയായി പുരസ്‌കാരത്തിന് അര്‍ഹനായത്. ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പകര്‍ത്തിയതിനാണ് ഡാനിഷ് അടക്കം നാലുപേരും പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ തന്നെ നൊമ്പരപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്ത ചിത്രങ്ങളായിരുന്നു അവരുടെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.

pulistar

കഴിഞ്ഞവര്‍ഷം താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന പോരാട്ടം കവര്‍ ചെയ്യുന്നതിനിടിയിലായിരുന്നു ഡാനിഷ് കൊല്ലപ്പെടുന്നത്.താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് ഡാനിഷ് കൊല്ലപ്പെട്ടത്. താലിബാന്‍ ഡാനിഷിനെ കണ്ടെത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താലിബാന്‍ ജീവനോടെയാണ് ഡാനിഷിനെ പിടികൂടിയത്. അദ്ദേഹമാണെന്ന് ഉറപ്പാക്കിയശേഷമായിരുന്നു കൊലപ്പെടുത്തിയത്. രക്ഷിക്കാന്‍ ശ്രമിച്ച ഡാനിഷിന്റെ സംഘത്തിലുണ്ടായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെയും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 

റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ മുംബൈയിലായിരുന്നു ഡാനിഷ് സിദ്ദിഖി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീമിന്റെ തലവനായിരുന്നു അദ്ദേഹം. റോഹിങ്ക്യന്‍ പ്രശ്നത്തെക്കുറിച്ചുള്ള തന്റെ കവറേജിനാണ് 2018ലെ ഫീച്ചര്‍ ഫോട്ടോഗ്രാഫിയ്ക്കുള്ള പുലിറ്റ്സര്‍ സമ്മാനം അദ്ദേഹത്തിന് ലഭിക്കുന്നത്. മൊസൂള്‍ യുദ്ധം (2016-17), 2015ലെ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍ നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019-2020 ഹോങ്കോംഗ് പ്രതിഷേധം, 2020 ഡല്‍ഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ച പ്രധാന സംഭവങ്ങളാണ്. തെക്കേ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.