'കോവിഡ് കാലത്ത് സര്‍ക്കാരിന്റെ വീഴ്ചമൂലം മരിച്ചത് 40 ലക്ഷം പേര്‍: മോദിജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല'

 
rahul gandhi
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം

കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചമൂലം 40 ലക്ഷം പേര്‍ മരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല. മരിച്ച എല്ലാവരുടെയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ലോകത്താകെ സംഭവിച്ച കോവിഡ് മരണങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. 

'മോദിജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും നുണ പറയുന്നു. ഞാന്‍ നേരത്തെയും പറഞ്ഞിരുന്നു, സര്‍ക്കാരിന്റെ വീഴ്ച മൂലം അഞ്ച് ലക്ഷം പേരല്ല, മറിച്ച് 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. മോദിജീ, വാഗ്ദാനം പാലിക്കൂ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കൂ' - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിശാസ്ത്രത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് മരണസംഖ്യ അറിയാനായി ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ അടിസ്ഥാനപരമായ എതിര്‍പ്പ് ഫലത്തോടല്ല, അത് എന്തുതന്നെ ആയിരുന്നാലും. അവര്‍ സ്വീകരിച്ച രീതിശാസ്ത്രത്തോടാണ് വിയോജിപ്പ്. ഭൂമിശാസ്ത്രപരമായി വലിപ്പവും ജനസംഖ്യയുമുള്ള ഇന്ത്യയെ പോലൊരു രാജ്യത്തിനും വളരെ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കും ഗണിതശാസ്ത്ര മാതൃക എങ്ങനെ യോജിച്ചുപോകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ചോദ്യം. 

കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ കോവിഡ് മരണക്കണക്ക് പുറത്തുവിടാന്‍ മടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഞായറാഴ്ച വരെ, രാജ്യത്ത് 5,21,751 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.