പ്രണയം തകര്‍ന്നതിന്റെ പ്രതികാരമായി സ്കൂട്ടറിന് തീയിട്ടു; വെന്തു മരിച്ചത് നിരപരാധികളായ ഏഴ് പേര്

പ്രണയം ബന്ധം തകര്‍ന്നതിന്റെ പക തീര്‍ത്തപ്പോള്‍ വെന്തു മരിച്ചത് നിരപരാധികളായ ഏഴു പേര്. മരണത്തോടു മല്ലിട്ട് ആശുപത്രിയില്‍ കിടക്കുന്നത് ഒമ്പത് പേര്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിജയ് നഗറില്‍ സ്ഥിതി ചെയ്യുന്ന സ്വര്‍ണബാഗ് കോളനിയിലെ മൂന്നു നില കെട്ടിട്ടത്തില്‍ കഴിഞ്ഞ ശനിയാഴ്ച്ച ഉണ്ടായ തീപിടിത്തത്തിലാണ് ഏഴുപേര്‍ വെന്തു മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലം ഉണ്ടായ അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. 100 ഓളം സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചപ്പോഴാണ് 28 കാരനായ ഒരു യുവാവിന്റെ പ്രണയപ്പകയായിരുന്നു ആ ദുരന്തത്തിനു പിന്നിലെന്ന് പൊലീസിനു മനസിലായത്.

സഞ്ജയ് എന്ന ശുഭം ദീക്ഷിതിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിരുന്നു ഏഴു മനുഷ്യജീവനുകള്‍ ഇല്ലാതാക്കിയ തീപിടിത്തത്തിനു പിന്നില്‍. സഞ്ജയും അപകടമുണ്ടായ അപ്പാര്‍ട്ട്മെന്റില്‍ താമസക്കാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടി സഞ്ജയില്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് പെണ്‍കുട്ടി സഞ്ജയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറി. മാത്രമല്ല, മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ സഞ്ജയ് പ്രകോപിതനായി. തുടര്‍ച്ചയായി പെണ്‍കുട്ടിയെ പിന്തുടര്ന്നു ശല്യം ചെയ്യാന്‍ തുടങ്ങി. തന്നോട് വാങ്ങിയ പണം തിരികെ തരണമെന്നും സഞ്ജയ് പറഞ്ഞു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുകളും പതിവായി.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി സഞ്ജയ് പെണ്‍കുട്ടിയെ പണം തിരികെ ചോദിച്ചുകൊണ്ട് വിളിച്ചു. കെട്ടിടത്തിനു സമീപം നിന്നുകൊണ്ട് ഇരുവരും തമ്മില്‍ തുടങ്ങിയ സംസാരം പെട്ടെന്ന് തന്നെ വഴക്കിലേക്ക് മാറി. പെണ്‍കുട്ടിയ്ക്കു നേരെ ഭീഷണി മുഴക്കിയിട്ടാണ് സഞ്ജയ് അപ്പോള്‍ പോയത്. അമ്മയുമൊത്താണ് ഇവിടെ പെണ്‍കുട്ടി താമസിക്കുന്നത്.
മടങ്ങിപ്പോയ സഞ്ജയ് അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിം ഏരിയയിലേക്ക് മടങ്ങി വന്നു. അവിടെ പെണ്‍കുട്ടിയുടെ സ്കൂട്ടി പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു ബൈക്കില്‍ നിന്നും പെട്രോള്‍ എടുത്ത് പെണ്‍കുട്ടിയുടെ സ്കൂട്ടില്‍ ഒഴിച്ച് തീകൊളുത്തി. പക്ഷേ, സ്കൂട്ടറില്‍ നിന്നും തീ പെട്ടെന്ന് തന്നെ കെട്ടിടത്തിലേകക്ക് പടര്‍ന്നു. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ ദുരന്തം തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് അവരെല്ലാം അറിഞ്ഞത്. ഇരുട്ടും കനത്ത പുകയും കൂടിയായപ്പോള്‍ രക്ഷപ്പെടലും കഠിനമായി. അങ്ങനെയാണ് ഏഴ് പേര്‍ക്ക് ജീവനഹാനിയുണ്ടാകുന്നത്. ഒമ്പതോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തു.
നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഒരു ചെറുപ്പക്കാരന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വരുന്നതും ടൂവിലറിനു തീയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതേ ചെറുപ്പക്കാരന് സിസിടിവി കാമറകളും ഇലക്ട്രിസിറ്റി മീറ്ററും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയായ സഞ്ജയ് പിടിയിലാകുന്നത്. തീയിട്ടശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ലോഹമണ്ഡി ഏരിയയില്‍ വച്ച് ഇയാള്‍ റോഡില്‍ വീഴുകയും കൈയ്ക്കും കാലിനും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റിരുന്നതിനാല്‍ പ്രതിയെ ആദ്യം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. നല്കിയ മൊഴിയനുസരിച്ച് പെണ്‍കുട്ടിയോടുള്ള പക മൂലം സ്കൂട്ടര്‍ കത്തിച്ച് പ്രതികാരം തീര്‍ക്കാന്‍ മാത്രമെ സഞ്ജയ് ഉദ്ദേശിച്ചിരുന്നുള്ളൂ. കെട്ടിടത്തിലേക്ക് തീപടരുമെന്നും ഇത്രയും വലിയ അത്യാഹിതം സംഭവിക്കുമെന്നും അയാള്‍ കരുതിയിരുന്നില്ല.
അതേസമയം തിപിടിച്ച കെട്ടിടത്തില്‍ നിന്നും പെണ്‍കുട്ടിയും അമ്മയും സുരക്ഷിതരായി പുറത്തെത്തി. കയര്മാര്ഗമാണ് ഇവരെ പുറത്തെത്തിച്ചത്. പെണ്‍കുട്ടി സഞ്ജയുമായുണ്ടായ തര്‍ക്കക്കെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഈ പെണ്‍കുട്ടിയില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുക്കുമെന്നാണ് വിജയ് നഗര്‍ പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് ആയ തെഹ്സീബ് ഖ്വാസി മാധ്യമങ്ങളോട് പറഞ്ഞത്.