ഒത്തുതീര്‍പ്പുകള്‍ക്കില്ലെന്ന് വ്യക്തമാക്കി ഷിന്‍ഡെ ഗ്രൂപ്പ്; ഉദ്ധവിനെ സേന നായക സ്ഥാനത്തു നിന്നിറക്കാന്‍ നീക്കം

ഷിന്‍ഡെ ഗ്രൂപ്പിലെ 37 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തയിച്ചിട്ടുണ്ട്
 
shinde group

ഇനിയൊരു സമവായത്തിനും നില്‍ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാറിനെ താഴെയിറക്കാന്‍ റിബല്‍ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നേരിട്ട് കളിയാരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം വിട്ട് പുറത്തു വന്ന് ശിവസേന സര്‍ക്കാരുമായി മുന്നോട്ടുപോകാമെന്ന നിബന്ധന പോലും താക്കറെയുടെ ഭാഗത്ത് നിന്നു വന്നാലും സ്വീകരിക്കില്ലെന്ന നിലപാടിലാണിപ്പോള്‍ ഷിന്‍ഡെ ഗ്രൂപ്പ്. അതിന്റെ തെളിവായിരുന്നു ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും 37 സേന എംഎല്‍എ എഴുതിയ കത്തില്‍ നിയമസഭ കക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡെയെ ഉയര്‍ത്തിക്കാട്ടിയത്. ഇതോടെ ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധവ് താക്കറെ സേനാധിപന്റെ സ്ഥാനത്ത് നിന്നും താഴെയിറക്കപ്പെടുമെന്ന് ഉറപ്പായി.

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഉള്‍പ്പെടെ 12 റിബല്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ച് താക്കറെ ഗ്രൂപ്പ് തിരിച്ചടിക്കാന്‍ നോക്കിയതിനു പിന്നാലെയായിരുന്നു ഗവര്‍ണര്‍ക്ക് കത്തയച്ചു തങ്ങളുടെ അവകാശവാദം ഷിന്‍ഡെ ഗ്രൂപ്പ് അറിയിച്ചത്.

ബുധനാഴ്ച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത സേന എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തില്ലെന്നാരോപിച്ചായിരുന്നു റിബല്‍ എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന ഭീഷണി താക്കറെ ഗ്രൂപ്പ് ഉയര്‍ത്തിയത്. എന്നാല്‍ അതിനെതിരേ ശക്തമായ ഭാഷയിലാണ് ഷിന്‍ഡെ പ്രതികരിച്ചത്. നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്നായിരുന്നു അദ്ദേഹം ട്വീറ്റില്‍ ചോദിച്ചത്. ഭരണഘടനയുടെ 10 ഷെഡ്യൂള്‍ പ്രകാരം നിയമസഭ പ്രവര്‍ത്തനത്തിനാണ് വിപ്പ് നല്‍കുന്നതെന്നും അല്ലാതെ യോഗം ചേരുന്നതിനല്ലെന്നും ഷിന്‍ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി സുപ്രിം കോടതി വിധികളുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നുണ്ട്. 

നിലവില്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 42 എംഎല്‍എമാര്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ തന്നെ ശിവസേനയെ പിളര്‍ത്താന്‍ വേണ്ടതിലും കൂടുതല്‍. 37 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്ന ഭയമില്ലാതെ ഉദ്ധവ് സര്‍ക്കാരിനെതിരേ കളിക്കാന്‍ ഷിന്‍ഡെ ഗ്രൂപ്പിനാകും. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയ്ക്ക് ആകെയുള്ളത് 55 എംഎല്‍എമാരാണ്. 

നേരത്തെ, സര്‍ക്കാര്‍ നിലനിര്‍ത്താന്‍ വേണ്ടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഒഴിവാക്കാമെന്ന സമവായത്തിലേക്ക് താക്കറെ പക്ഷം വന്നതായിരുന്നു. 24 മണിക്കൂറിനുള്ളില്‍ റിബല്‍ എംഎല്‍എമാര്‍ തിരിച്ചു വന്നാല്‍ ഇത്തരമൊരു തീരുമാനത്തെ കുറിച്ച് ചിന്തിക്കാമെന്നായിരുന്നു മുതിര്‍ന്ന നേതാവും സേന എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നത്. എന്നാല്‍ അത്തരമൊരു ഒത്തുതീര്‍പ്പിന് താത്പര്യമില്ലെന്ന മട്ടിലാണ് എതിര്‍ഗ്രൂപ്പിന്റെ സമീപനം.