ഞാന്‍ നില്‍ക്കണോ പോകണോ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ഹര്‍ദിക് പട്ടേല്‍

'ചിലര്‍ക്ക് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്നാണ് ആഗ്രഹം'
 
hardik-rahul

താനിപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ടെന്നും എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ തുടരണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്നും ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍. 'ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. ഞാന്‍ കോണ്‍ഗ്രസില്‍ തുടരാന്‍ കേന്ദ്ര നേതാക്കള്‍ വഴി കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് കോണ്‍ഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്റെ മനോവീര്യം തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു'- ഹൈക്കമാന്‍ഡിനോടുള്ള ഹര്‍ദിക്കിന്റെ ഓര്‍മപ്പെടുത്തലാണിത്. പട്ടേല്‍ സമുദായ നേതാവ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ദിക്കിന്റെ പുതിയ നിബന്ധന വന്നിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ന്റെയും രാമക്ഷേത്രത്തിന്റെയും പേരില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചു രംഗത്തു വന്നതോടെയാണ് ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നായകന്‍ പാര്‍ട്ടി മാറുകയാണെന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും നിറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രശംസിച്ചാല്‍ അതിനര്‍ത്ഥം ബൈഡന്റെ പാര്‍ട്ടിയില്‍ ചേരുന്നു എന്നാണോ എന്നായിരുന്നു ബജെപിയിലേക്ക് ഇല്ലെന്നു പറയാന്‍ പട്ടേല്‍ നടത്തിയ ഉപമ. എന്നാല്‍, താനിപ്പോഴും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഒട്ടും യോജിപ്പിലല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു തന്നെയാണിപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്.

തന്റെ എതിര്‍പ്പ് രാഹുലിനോടോ പ്രിയങ്കയോടോ അല്ലെന്നും സംസ്ഥാന നേതാക്കളോടാണെന്നും ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. അക്കാര്യം തന്നെയാണ് അഭിമുഖത്തിലും ആവര്‍ത്തിക്കുന്നത്. തന്റെ നീരസം കേന്ദ്രനേതൃത്വത്തോടല്ലെന്നും സംസ്ഥാന നേതൃത്വത്തോടാണെന്നും അഭിമുഖത്തിലും പറയുന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്നും വളര്‍ന്നു വന്നൊരു നേതാവാണ് താന്‍. എന്റെ അച്ഛന്‍ നിയമസഭാംഗമല്ലായിരുന്നു, എന്റേതൊരു രാഷ്ട്രീയ കുടുംബമല്ലായിരുന്നു. എന്റെ ആള്‍ക്കാര്‍ക്കുവേണ്ടിയല്ല, നല്ല ജനങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാനാണ് വര്‍ക്കിംഗ് പ്രസിഡന്റെങ്കില്‍ സംസ്ഥാന നേതൃത്വം എന്നെ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കണം. എന്നാല്‍ അങ്ങനെയൊന്നും നടക്കുന്നില്ലെന്നാണ് ഹര്‍ദിക്കിന്റെ പരാതി. പലതവണ താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ലെന്ന ആരോപണവും അദ്ദേഹമുയര്‍ത്തുന്നുണ്ട്. പരിപാടികളില്‍ ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കുന്നതാണോ നേതൃത്വം എന്നാണദ്ദേഹം വിമര്‍ശിക്കുന്നത്. തനിക്ക് മാത്രമല്ല, രണ്ടാനിര നേതാക്കള്‍ക്കും ഇത്തരം അവഗണനകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാതി.

ഗുജറാത്ത് നേതൃത്വത്തിനെതിരേ താന്‍ രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞിരുന്നതായും അഭിമുഖത്തില്‍ ഹര്‍ദിക് പട്ടേല്‍ പറയുന്നുണ്ട്. രാഹുല്‍ നിര്‍ദേശിച്ചത് കെ സി വേണുഗോപാലിനെ കണ്ട് സംസാരിക്കാനായിരുന്നു. ഞാന്‍ പറഞ്ഞകാര്യങ്ങളോട് യോജിച്ച വേണുഗോപാല്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ നിശ്ചയിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ ഒന്നും ചെയ്തില്ല. ആദ്യം ദുര്‍മുഖം കാണിച്ചിട്ട് അതുവച്ച് വലിയ സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന രാഷ്ട്രീയക്കാരുണ്ട്. താന്‍ അത്തരത്തിലുള്ളൊരാളല്ലെന്ന് രാഹുലിനോടും പ്രിയങ്കയോടും വേണുഗോപാലിനോടും വ്യക്തമാക്കിയിട്ടുണ്ടായിരുന്നുവെന്നും പട്ടേല്‍ പറയുന്നു. താന്‍ കോണ്‍ഗ്രസില്‍ തന്നെയാണിപ്പോഴുമുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ഹര്‍ദിക് കോണ്‍ഗ്രസ് വിട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അവര്‍ തന്റെ മനോവീര്യം തകര്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നുമായിരുന്നു ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഹര്‍ദിക്കിന്റെ മറുപടി. ആസന്നമായിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ആം ആദ്മി പാര്‍ട്ടിയിലേക്ക് ഹര്‍ദിക് പോകുമോയെന്ന സംശയവും ഇപ്പോള്‍ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ടും അഭിമുഖത്തില്‍ ചോദ്യമുണ്ട്. എന്നാല്‍ വ്യക്തമായൊരു മറുപടിയും ഹര്‍ദിക് പറയുന്നില്ല. പട്ടേല്‍ പ്രോക്ഷഭ കാലത്ത് തന്നെ പിന്തുണച്ചിരുന്ന നേതാവായിരുന്നു അരവിന്ദ് കേജരിവാള്‍ എന്നും എന്നാല്‍ 2009 ന് ശേഷം അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഹര്‍ദിക് പറയുന്നത്.

അതേസമയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഹര്‍ദിക് പട്ടേല്‍ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ ഏതു പാര്‍ട്ടിയില്‍ നിന്നുകൊണ്ടായിരിക്കും മത്സരിക്കുകയെന്ന ചോദ്യത്തിന് ' എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞിട്ടുണ്ട്'' എന്നു മാത്രമായിരുന്നു ഹര്‍ദിക് പട്ടേലിന്റെ മറുപടി.