സുപ്രീംകോടതി ജാമ്യം റദ്ദാക്കി; ലഖിംപൂര്‍ഖേരി കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക് 

 
ashish mishra
ഇരകള്‍ക്ക് വാദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് കോടതി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനാവശ്യ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. ആശിഷിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ആശിഷിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ഹൈക്കോടതി ആശിഷിന് ജാമ്യം അനുവദിച്ചതെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. തികച്ചും അപ്രസക്തമായ വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാര്‍ക്ക് ജാമ്യം എതിര്‍ത്ത് കോടതിയില്‍ വാദം ഉന്നയിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഇരകള്‍ക്ക് ആവശ്യമായ പരിഗണനകള്‍ നല്‍കുകയും വാദം കേള്‍ക്കുകയും വേണം. അതിനുശേഷം ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കണമെന്നാണ് ഹൈക്കോടതിയോടുള്ള നിര്‍ദേശം. നിലവില്‍ ജാമ്യം റദ്ദാക്കുകയാണെന്നും ഒരാഴ്ചയ്ക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആശിഷിന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യുപി സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല. ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യുപി സര്‍ക്കാരിന് കത്തെഴുതി. ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാര്‍ ജെയിനും ശുപാര്‍ശ ചെയ്തിരുന്നു. അപ്പീല്‍ നല്‍കാത്തതില്‍ യുപി സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍, കുറ്റങ്ങള്‍ ഗുരുതരമാണെന്ന് പറയുമ്പോള്‍ തന്നെ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന നിലപാടാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

2020 ഒക്ടോബര്‍ മൂന്നിനാണ്, ലഖിപൂര്‍ ഖേരിയില്‍ പ്രതിഷേധത്തിനെത്തിയ നാല് കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും 3 ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടത്. ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍, അദ്ദേഹം വരുന്നില്ലെന്ന് മനസിലാക്കി തിരിച്ചുപോകവെ, ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകര്‍ക്കുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. ആശിഷിനെ മുഖ്യപ്രതിയാക്കി പ്രത്യേകാന്വേഷണ സംഘമാണ് (എസ്‌ഐടി) കേസില്‍ കുറ്റപത്രം നല്‍കിയത്. കൊലപാതകം ആസൂത്രിമാണെന്നാണ് 5000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. 14 പേരാണ് കേസിലെ പ്രതികള്‍.