ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണം; ഉത്തരവിനുശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവമായി കാണുന്നു: സുപ്രീംകോടതി

 
Supreme Court
കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും 


ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടം പൊളിക്കുന്നതില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. അതുവരെ സ്റ്റേ തുടരും. കോടതിയുടെ സ്റ്റേ ഉത്തരവിനുശേഷവും പൊളിക്കല്‍ തുടര്‍ന്നത് അതീവ ഗൗരവമായി കാണുന്നു. എന്താണ് നടക്കുന്നതെന്ന് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ടീസ് നല്‍കിയശേഷമാണ് പൊളിക്കല്‍ നടപടികള്‍ ഉണ്ടായതെന്ന് സര്‍ക്കാരും നോട്ടീസ് ലഭിച്ചില്ലെന്ന് ഹര്‍ജിക്കാരും വാദിച്ചതോടെ, ഇരുകൂട്ടരോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇതു സംബന്ധിച്ച് എതിര്‍സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. 

ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വാദംകേട്ടത്. ദേശീയ പ്രാധ്യാന്യമുള്ള വിഷയമാണെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് 15 ദിവസം മുമ്പ് ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കണം. എന്നാല്‍ അത്തരത്തിലുള്ള യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് കോര്‍പ്പറേഷന്‍ ഏകപക്ഷീയമായ നടപടി സ്വീകരിച്ചത്. തല്‍സ്ഥിതി തുടരണമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടും മണിക്കൂറുകളോളം പൊളിച്ചുനീക്കല്‍ തുടര്‍ന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ബിജെപി നേതാവിന്റെ കത്തിന് പിന്നാലെയാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്. സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസര്‍. കാടിന്റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും ദവെ ചൂണ്ടിക്കാട്ടി. 

സുപ്രീം കോടതി പറഞ്ഞിട്ടും നിശ്ചലമാകാതിരുന്ന ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍;  തടയാന്‍ മുന്നില്‍ നിന്നു ബൃന്ദ കാരാട്ടും

ഹര്‍ജിക്കാര്‍ക്കായി ഹാജരായ കപില്‍ സിബലും സമാനവാദമാണ് ഉയര്‍ത്തിയത്. മതപരമായ യാത്രകള്‍ നടന്നതിനു പിന്നാലെ സംഘര്‍ഷമുണ്ടായാല്‍, ഒരു വിഭാഗത്തിന്റെ വീടുകള്‍ പൊളിക്കുന്ന രീതി തുടരുകയാണെന്ന് സിബല്‍ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്. പൊളിക്കലില്‍ സ്റ്റേ വേണമെന്നും സിബല്‍ വാദിച്ചു. 

അതേസമയം, നിയമങ്ങള്‍ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നും കേന്ദ്രം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ജനുവരി 19ന് തുടങ്ങിയ നടപടിയാണ്. മധ്യപ്രദേശിലെ ഖര്‍ഗാവില്‍ നടന്ന പൊളിക്കല്‍ നടപടികള്‍ പെട്ടവരില്‍ 88 പേര്‍ ഹിന്ദുക്കളും 26 പേര്‍ മുസ്ലീങ്ങളുമാണ്. ഇന്നലെ നടന്നത് ചെറിയ സ്റ്റാളുകളും കസേരകളും മാറ്റുക മാത്രമായിരുന്നെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 

എന്നാല്‍, സ്റ്റാളുകളും കസേരകളും മാറ്റാന്‍ എന്തിനാണ് ബുള്‍ഡോസര്‍ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി ഉത്തരവ് വന്നിട്ടും പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നോ എന്നും കോടതി ചോദിച്ചു. എന്നാല്‍ കേന്ദ്രം മറുപടി നല്‍കിയില്ല. ഇക്കാര്യം അതീവ ഗൗരവതരമാണെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യം പിന്നീട് പ്രത്യേകം പരിഗണിക്കും. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി വിശദമായി നോക്കിക്കാണുന്നുണ്ട്. എന്നാല്‍, രാജ്യത്തെ മുഴുവനായി സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ ദേശീയ പ്രാധാന്യമെന്തെന്നും സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി. കോടതി ഉത്തരവ് വന്നതിനുശേഷവും ഒരു മണിക്കൂറിലേറെ, പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ് കോടതിയെ അറിയിച്ചു. 

മതിയായ രേഖകളും ഉണ്ടായിട്ടും തന്റെ കട പൊളിച്ചെന്നും നഷ്ടപരിഹാരം വേണമെന്നും ജഹാംഗീര്‍പുരി സ്വദേശി ഗണേഷ് ഗുപ്തയും കോടതിയില്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു. നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാരും കിട്ടിയില്ലെന്ന് ഹര്‍ജിക്കാരും റഞ്ഞ സാഹചര്യത്തിലാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. 

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയിലായിരുന്നു കെട്ടിടം പൊളിച്ചത്. എന്നാല്‍, കെട്ടിടം പൊളിക്കുന്നതിന് 15 ദിവസം മുമ്പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടിക്രമം ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചില്ലെന്നും ഇത് ഏകപക്ഷീയമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ടും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. രാവിലെ 10.45ന് ഉത്തരവ് അധികൃതരെ കാണിച്ചിട്ടും ഒരു മണിക്കൂറിലേറെ പൊളിക്കല്‍ നടപടി തുടര്‍ന്നെന്ന് ബൃന്ദ കാരാട്ടും കോടതിയെ അറിയിച്ചു.