ജഹാംഗീര്‍പുരിയില്‍ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന്റെ 'ബുള്‍ഡോസര്‍' നടപടി തടഞ്ഞ് സുപ്രീം കോടതി

'കലാപകാരികളുടെ' കയ്യേറ്റം ഒഴിപ്പിക്കാന്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക് കത്തെഴുതിയിരുന്നു
 
jahangirpuri

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റീസ് എന്‍ വി രമണ നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഒമ്പതോളം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ തച്ചുതകര്‍ത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീം കോടതി ഉത്തരവ് വരുന്നത്.

കഴിഞ്ഞ ശനിയാഴ്ട്ട ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന പ്രദേശമാണ് ജഹാംഗീര്‍പുരി. ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശപ്രകാരമാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടിയെന്നാണ് വിശദീകരണമെങ്കിലും മുസ്ലിം സമുദായത്തിനെതിരേയുള്ള ബിജെപിയുടെ പ്രതികാര നടപടിയാണിതെന്നും ആരോപണുണ്ട്. രാമനവമിയോടനുബന്ധിച്ച് സംഘര്‍ഷം നടന്നതിനു പിന്നാലെ മധ്യപ്രദേശിലും സമാനരീതിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുന്നുവെന്ന പേരില്‍ മുസ്ലിങ്ങളുടെ വീടുകളും കടകളും പൊളിച്ചു കളഞ്ഞിരുന്നു. 


ശക്തമായ പൊലീസ് സന്നാഹം ഒരുക്കിക്കൊണ്ടായിരുന്നു ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിക്കൊണ്ടിരുന്നത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പൊളിച്ചു നീക്കലുകള്‍ക്കായിരുന്നു കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരുന്നത്. 400 ഓളം പോലീസുകാരെയാണ് ഇതിനായി രംഗത്തിറക്കിയതും. 'കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി' യെന്നാണ് ഇതിനു പേരിട്ടിരുന്നത്. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇക്ബാല്‍ സിംഗ് ന്യൂസ് ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചതും- ഇതൊരു സാധാരണ നടപടിയാണെന്നായിരുന്നു. എന്നാല്‍ ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആധേഷ് ഗുപ്ത കോര്‍പ്പറേഷന്‍ മേയര്‍ക്ക് കത്തെഴുതിയതിനു പിന്നാലെയാണ് അധികൃതര്‍ ബുള്‍ഡോസറുമായി റോഡിലിറങ്ങിയത്. അധേഷ് ഗുപ്ത എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നതാകട്ടെ ' കലാപകാരികളുടെ'  ജഹാംഗീര്‍പുരിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്താനും അവ പൊളിച്ചു കളയാനുമായിരുന്നു. ഇതാണ് ജഹാംഗീര്‍പുരിയിലെ പൊളിച്ചു നീക്കലുകള്‍ക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്ന ആരോപണം ഉയരുന്നതിന് കാരണം.

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ശോഭയാത്ര ഒരു മുസ്ലിം പള്ളിക്ക് സമീപത്തുകൂടി പോയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. യഥാര്‍ത്ഥത്തില്‍ മുസ്ലിം പള്ളിക്ക് സമീപത്തുകൂടി ശോഭയാത്ര പോകാന്‍ അനുമതി ഉണ്ടായിരുന്നില്ല. നിയമം ലംഘിച്ചാണ് ശോഭയാത്ര അതുവഴി കൊണ്ടു പോയത്. മുസ്ലിം പള്ളിക്ക് സമീപത്ത് ശോഭയാത്രയെത്തിയപ്പോള്‍ ഉച്ചത്തില്‍ വാദ്യോപകരണങ്ങള്‍ മുഴക്കിയിരുന്നു. ഈ സമയത്ത് തന്നെയാണ് നിസ്‌കാരത്തിനുള്ള വാങ്ക് പള്ളിയില്‍ നിന്നു മുഴക്കിയതും. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. 25 പേരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം ആസൂത്രിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞു. അതേസമയം സംഘര്‍ഷത്തില്‍ പ്രതിസ്ഥാനത്തുള്ള അന്‍സാര്‍ എന്ന വ്യക്തിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പരസ്പരം പഴിചാരുകയാണ്. അന്‍സാറുമായി ബിജെപിക്കു ബന്ധമുണ്ടെന്നാണ് എഎപി ആരോപിക്കുന്നത്. ബിജെപി തിരിച്ചും. ഇതിനിടയിലാണ് ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന്‍ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുമായി ഇറങ്ങിയത്.