ഒരു കൈയില്‍ അമ്മാവന്റെ തലയും മറു കൈയില്‍ മഴുവുമായി യുവാവ് നടന്ന് രണ്ട് കിലോമീറ്റര്‍

പൊലീസ് സ്റ്റേഷനില്‍ നേരിട്ട് കീഴടങ്ങാനായിരുന്നു 26 കാരന്റെ ഉദ്ദേശം
 
crime

ഒരു കൈയില്‍ അമ്മാവന്റെ തല, മറു കൈയില്‍ മഴുവുമായി രണ്ടു കിലോമീറ്ററോളം നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങാനായിരുന്നു യുവാവിന്റെ ഉദ്ദേശം. എങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴി മധ്യേ അറസ്റ്റ് ചെയ്യുകയായിരുന്നു.  മധ്യ പ്രദേശിലെ സിദ്ദി ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.

സിദ്ദി ജില്ലയിലെ കരിമതി ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദം ആരോപിച്ചാണ് 26 കാരനായ ലാല്‍ബഹദൂര്‍ ഗൗഡ് 60 കാരനായ അമ്മാവന്‍ മക്‌സുധന്‍ സിംഗ് ഗൗഡിന്റെ തല വെട്ടിയെടുത്തത്. അമ്മാവന്റെ ദുര്‍മന്ത്രാവാദം മൂലം പൊറുതിമുട്ടിയാണ് ലാല്‍ ബഹുദൂര്‍ കൊലപാതകം നടത്തിയതെന്നാണ് ജമോദി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആയ ശേഷാമണി മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

അമ്മാവന്റെ ദുര്‍മന്ത്രവാദം മൂലം തനിക്ക് പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇതവസാനിപ്പിക്കണമെന്ന് പലവട്ടം പറഞ്ഞിട്ടും അമ്മാവന്‍ പിന്മാറാന്‍ തയ്യാറായില്ലെന്നുമാണ് ലാല്‍ബഹദൂര്‍ പറയുന്നത്. ഇതേ വിഷയം സംസാരിക്കാനായി വെള്ളിയാഴ്ച്ച ലാല്‍ബഹദൂര്‍ അമ്മാവനായ മക്‌സുധന്‍ സിംഗിന്റെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ ലാല്‍ബഹദൂര്‍ മഴുവെടുത്ത് മക്‌സുധന്‍ സിംഗിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് മക്‌സുധന്റെ ശിരസ് ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു. തുടര്‍ന്ന് വെട്ടിമാറ്റിയ തലയും വെട്ടാനുപയോഗിച്ച മഴുവുമായി ലാല്‍ബഹദൂര്‍ പുറത്തേക്കിറങ്ങി. പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു ലാല്‍ബഹദൂറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് രണ്ടു കിലോമീറ്ററോളം നടന്നത്. ഇതിനിടയില്‍ വിവരം കിട്ടിയ പൊലീസ് വഴിയില്‍ വച്ച് തന്നെ ലാല്‍ബഹദൂറിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന്റെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കന്നുണ്ടെന്നുമാണ് ജമോദി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആയ ശേഷാമണി മിശ്ര പറയുന്നത്.