കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവിലെ മോഷണവും ദുരൂഹ മരണങ്ങളും;  വീണ്ടും അന്വേഷണം, ശശികലയെ ചോദ്യം ചെയ്തു

2017 ലാണ് ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവില്‍ മോഷണം നടക്കുന്നത്
 
kodanadu

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവില്‍ 2017 ല്‍ നടന്ന മോഷണവും തുടര്‍ന്ന് നടന്ന ദുരൂഹമരണങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ജയലളിതയുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയവിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ചെന്നൈയിലെ ടി നഗറിലുള്ള ശശികലയുടെ വീട്ടില്‍ വച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ബെംഗളൂരു ജയിലില്‍ കഴിയുന്ന കാലത്തായിരുന്നു കോടനാട്ടെ രാജകീയ പ്രൗഢിയുള്ള ബംഗ്ലാവില്‍ മോഷണം നടക്കുന്നത്. ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ കൊന്നിട്ടാണ് മോഷ്ടാക്കള്‍ ബംഗ്ലാവിനുള്ളില്‍ കടന്നത്. സ്ഫടികത്തില്‍ തീര്‍ത്തൊരു കണ്ടാമൃഗത്തിന്റെ ശില്‍പ്പവും ഒരു വാച്ചും അടക്കം അന്ന് മോഷണം പോയിരുന്നു.

ഈ മോഷണത്തിനു പിന്നാലെയാണ് ചില ദുരൂഹ മരണങ്ങള്‍ നടക്കുന്നത്. ഇത് കേസിനെ കൂടുതല്‍ സങ്കീര്‍ണാക്കുകയായിരുന്നു. മോഷണക്കേസിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ട, ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനഗരാജിന്റെ അപകട മരണമായിരുന്നു ആദ്യത്തെ ദുരൂഹ മരണം. എ ഐ എ ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ പളനിസാമിയുടെ ജന്മനാടായ എടപ്പാടില്‍ വച്ചായിരുന്നു ഒരു വാഹനാപകടത്തില്‍ കനഗരാജ് കൊല്ലപ്പെടുന്നത്. അതേ ദിവസം തന്നെയാണ് മോഷണക്കേസിലെ മറ്റൊരു പ്രതിയും മലയാളിയുമായ സയനും കുടുംബവും വാഹനാപകടത്തില്‍പ്പെടുന്നത്. സയന്‍ ആ അപകടത്തെ അതിജീവിച്ചെങ്കിലും അയാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കു പിന്നാലെ കോടനാട് എസ്‌റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആത്മഹത്യ ചെയ്തു. ജയലളിതയുടെ മരണവുമായി ബന്ധപ്പെടുത്തി ഈ ദുരൂഹ മരണങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ക്കും കാരണമായി. ജയലളിയ്ക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം കിട്ടിയ ഒ പനീര്‍സെല്‍വം എന്ന ഒപിഎസ്സിനെ മാറ്റി എടപ്പാടി പളനിസാമിയെന്ന ഇപിഎസ്സിനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയശേഷമായിരുന്നു ശശികല അഴമതിക്കേസില്‍ അഴിക്കുള്ളിലാകുന്നത്. എന്നാല്‍ പിന്നീട് സംഭവിച്ചത് ശത്രുക്കളായിരുന്ന ഇപിഎസ്സും ഒപിഎസ്സും കൈകോര്‍ത്ത് ശശികലയെ എ ഐ എ ഡി എം കെ യില്‍ നിന്നും പുറത്താക്കുന്നതായിരുന്നു. 

എ ഐ എ ഡി എം കെ അധികാരത്തില്‍ തുടര്‍ന്ന കാലം വരെ കോടനാട് കേസ് നിശ്ചലമായിരുന്നു. ആരോപണങ്ങളും ദുരൂഹതകളും മാത്രം ബാക്കി നിന്നു. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കേസ് വീണ്ടും പൊങ്ങി വന്നത്. പുതിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

അതേസമയം, പുതിയ നീക്കങ്ങള്‍ രാഷ്ട്രീയാരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തന്നെ കുടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പളനിസാമി ആരോപിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. കോടനാട്ട് എസ്‌റ്റേറ്റ് ബംഗ്ലാവിലെ മോഷണവും ദുരൂഹ മരണങ്ങളും അന്വേഷിക്കുമെന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അതാണിപ്പോള്‍ നടത്തുന്നതെന്നുമാണ് സ്റ്റാലിന്‍ നല്‍കുന്ന വിശദീകരണം. കോടതി അനുമതിയോടെയാണ് അന്വേഷണം നടക്കുന്നതെന്നും കുറ്റം ചെയ്തിട്ടില്ലാത്തവര്‍ ആരും ഭയക്കേണ്ടതില്ലെന്നും സ്റ്റാലിന്‍ ഓര്‍മിപ്പിക്കുന്നു.