അനുസരണയും ഉത്തരവാദിത്തവുമില്ല; സംസ്ഥാന പൊലീസ് മേധാവിയെ തരംതാഴ്ത്തി യു പി സര്‍ക്കാര്‍

പൊലീസിലെ അപ്രധാന സ്ഥാനത്താണ് മുകുള്‍ ഗോയലിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്
 
up dgp

ഉത്തര്‍പ്രദേശ് സംസ്ഥാന പൊലീസ് മേധാവി മുകുള്‍ ഗോയലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സര്‍ക്കാരിനോട് അനുസരണക്കേട് കാണിക്കുന്നു, ജോലിയില്‍ താത്പര്യം കാണിക്കുന്നില്ല എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗോയലിനെ തരംതാഴ്ത്തിയത്. അപ്രധാന സ്ഥാനമായ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ആയാണ് ഗോയലിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ഡിജിപിയെ നിയമിക്കുന്നതുവരെ എഡിജിപി പ്രശാന്ത് കുമാറിന് പൊലീസ് മേധാവിയുടെ താത്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.

2021 ജൂലൈയില്‍ ആണ് 1987 ബാച്ച് ഐപിഎസ് ഓഫിസറായ ഗോയല്‍ ഉത്തര്‍പ്രദേശ് ഡിജിപിയായി നിയമിതനാകുന്നത്. 2024 ഫെബ്രുവരി അദ്ദേഹത്തിന് ഡിജിപി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. വകുപ്പുതല ചുമതലകളില്‍ താല്‍പര്യം കാണിക്കാത്തതും നിഷ്‌ക്രിയത്വവും സര്‍ക്കാര്‍ ജോലിയോടുള്ള അവഗണനയും മൂലമാണ് ഗോയലിനെ തല്സ്ഥാനത്ത് നിന്ന് നീക്കിയതൊണ് ആഭ്യന്തര വകുപ്പ് പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ക്രമസമാധനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഡിജിപിയായ ഗോയല്‍ പങ്കെടുക്കാതിരുന്നത് വലിയ വിവദമായിരുന്നു. അതേസമയം, എഡിജിപി പ്രശാന്ത് കുമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് കുമാര്‍ അവാസ്തിയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ഗോയല്‍ പരിശോധന നടത്തിയിരുന്നു. വൃത്തഹീനമായി അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ ഔദ്യോഗിക രേഖകള്‍ പോലും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ കണ്ടെത്തിയ ഗോയല്‍ സ്‌റ്റേഷന്‍ ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടും അതു നടപ്പാക്കപ്പെട്ടില്ലായിരുന്നു.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍(ബിഎസ്എഫ്) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനം അനുഷ്ഠിച്ചു വരവെയായിരുന്നു ഗോയല്‍ ഉത്തര്‍പ്രദേശ് ഡിജിപിയായി നിയമിതനാകുന്നത്.

2007 ല്‍ പൊലീസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടല്‍ നടത്തിയെന്നാരോപിച്ച് മായാവതി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യ ഐപിഎസ് ഉദ്യോഗസ്ഥരില്‍ മുകുള്‍ ഗോയലും ഉണ്ടായിരുന്നു. പിന്നീട് ഈ കേസ് അവസാനിച്ചതോടെയാണ് അവര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്. 2013 ല്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് ഭരിക്കുന്ന കാലത്ത് നടന്ന മുസാഫര്‍നഗര്‍ കലാപ സമയത്ത് ക്രമസമാധന ചുമതലയുള്ള എഡിജിപി ആയിരുന്നു മുകുള്‍ ഗോയല്‍. പൊലീസ് ട്രെയ്‌നിംഗ് ഡിജിപി രാജേന്ദ്ര പാല്‍ സിംഗ്, പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡ് ഡി ജി പി ആര്‍ കെ വിശ്വകര്‍മ, ഇന്റലീജന്‍സ് ഡിജിപി ദേവേന്ദ്ര സിംഗ് ചൗഹന്‍, ജയില്‍ ഡിജിപി ആനന്ദ് കുമാര്‍, സെന്‍ട്രല്‍ ഡെപ്യൂട്ടേഷനിലുള്ള അനില്‍ അഗര്‍വാള്‍ എന്നിവരില്‍ ഒരാളായിരിക്കും മുകുള്‍ ഗോയലിന്റെ പിന്‍ഗാമിയാവുക എന്നാണ് വിവരം.