വര്‍ഗീയ ലഹളയുണ്ടാക്കാന്‍ മുസ്ലിം പള്ളികള്‍ക്കു നേരെ അതിക്രമം; അയോധ്യയില്‍ ഏഴ് പേര് അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ അയോധ്യയിലെ മുസ്ലിം പള്ളികളിലേക്ക് അധിക്ഷേപകരമായ പോസ്റ്ററുകളും മറ്റു വസ്തുക്കളും വലിച്ചെറിഞ്ഞവര്‍ പൊലീസ് പിടിയില്‍. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യം. മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ദീപക് കുമാര്‍ ഗൗര്‍ അഥവ ഗുഞ്ചന്, ബ്രിജേഷ് പാണ്ഡെ, ശത്രുഘന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും അയോധ്യ സ്വദേശികളാണ്. കേസില്‍ മൊത്തം പതിനൊന്നു പ്രതികളുണ്ടെന്നും നാല് പേര് രക്ഷപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഒളിവില്‍ കഴിയുന്ന ബാക്കി പ്രതികളെ കൂടി എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ മാധ്യമങ്ങളോടു പറഞ്ഞു.

മഹേഷ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ എട്ടു പേര് നാല് മോട്ടോര്‍ ബൈക്കുകളിലായാണ് മുസ്ലിം പള്ളികളിലേക്ക് പോസ്റ്റുകളും മറ്റ് വസ്തുക്കളും എറിയാന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മഹേഷ് ആണ് സംഭവത്തിനു പിന്നിലെ മുഖ്യസൂത്രധാരന്‍. ബ്രിജേഷ് പാണ്ഡെയുടെ വീട്ടില്‍ വച്ചായിരുന്നു ഗൂഢാലോചന. ജഹാംഗീര്‍പുരിയില്‍ നടന്നതിനു പ്രതികാരം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ബുധനാഴ്ച്ച രാത്രിയോടെ അക്രമി സംഘം ബെനിഗഞ്ച് മസ്ജിദ് തേടിയാണ് ആദ്യം എത്തിയത്. എന്നാല്‍ പൊലീസ് റെസ്പോണ്‍സ് വെഹിക്കിള്‍ കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീടാണ് അയോധ്യയിലെ കശ്മീരി മൊഹല്ല മസ്ജിദ്, തറ്റ്ഷാ മോസ്ക്, ഗോസിയാന രാംനഗര്‍ മസ്ജിദ്, ഇദ്ഗാ സിവില്‍ ലൈന്‍ മോസ്ക്, ഗുലാബ് ഷാ ദര്‍ഗ എന്നിവിടങ്ങളിലേക്ക് അധിക്ഷേപകരമായ പോസ്റ്ററുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞത്. പൊലീസ് ഒരു മൊബൈല്‍ ഫോണും പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മഹേഷ്, നിതിന്‍, വിമല്‍ എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. ഇവര്‍ക്കെതിരേ വിവിധ കേസുകളുമുണ്ട്. സെക്ഷന്‍ 295, 295 എ വകുപ്പുകളടക്കം പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.