'പ്രവര്‍ത്തന രീതി മാറ്റണം, പാര്‍ട്ടിക്ക് തിരിച്ചും എന്തെങ്കിലും ചെയ്യണം'; കോണ്‍ഗ്രസുകാരോട് സോണിയ ഗാന്ധി

എല്ലാ വ്യക്തിഗത താത്പര്യങ്ങള്‍ക്കും മുകളിലായിരിക്കണം സംഘടനയെന്നും പാര്‍ട്ടിക്കാരെ ഓര്‍മിപ്പിച്ച് സോണിയ
 
sonia gandhi

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതി മാറ്റേണ്ടതുണ്ടെന്ന് പ്രസിഡന്റ് സോണിയ ഗാന്ധി. ജയ്പൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസത്തെ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. സംഘടനയുടെ മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സോണിയ, നമ്മുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം കൊണ്ടുവരണമെന്നാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുമായി ആഹ്വാനം ചെയ്തത്. ' എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഞാന്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ചിന്തന്‍ ശിബിരത്തില്‍ തുറന്നു പറയണമെന്നാണ്. എന്നാല്‍ ശക്തമായൊരു പാര്‍ട്ടിയുടെയും ഐക്യത്തിന്റെ ഒരു സന്ദേശം രാജ്യത്തിന് നല്‍കുകയും വേണം' സോണിയ പ്രവര്‍ത്തകരോട് പറഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400 കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.

' എല്ലാ വ്യക്തിഗത താത്പര്യങ്ങള്‍ക്കും മുകളിലായിരിക്കണം സംഘടന. ഈ പാര്‍ട്ടി നമുക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്, തിരിച്ചു നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്' സോണിയ  ഗാന്ധി കോണ്‍ഗ്രസുകാരെ ഓര്‍മിപ്പിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെയും സോണിയ ഗാന്ധി കടന്നാക്രമിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും ഗാന്ധ ഘാതകരെ മഹത്വവത്കരിക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. വാചാലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ അദ്ദേഹത്തിന്റെ ഇടപെടല്‍ ആവശ്യമുള്ളപ്പോഴൊക്കെ നിശബ്ദത പാലിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. ' മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവര്‍ണനന്‍സ് എന്നായിരുന്നു പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറഞ്ഞുകൊണ്ടിരുന്നത്. എന്നാലതിന്റെ ശരിയായ അര്‍ത്ഥം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിരന്തരമായ അക്രമം എന്നാണ്. ചരിത്രം മാറ്റിയെഴുതുകയെന്നാണതിന്റെ അര്‍ത്ഥം'- സോണിയ കുറ്റപ്പെടുത്തി.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ള നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍ ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞുകൊണ്ട് ഗാന്ധി ഘാതകരെ അവര്‍ മഹത്വവത്കരിക്കുകയാണ്. അവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. വിഭജനത്തിന്റെ തന്ത്രം പ്രയോഗിക്കുകയാണ്. വാചാലനായ പ്രധാനമന്ത്രിയാകട്ടെ, അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ആവശ്യമുള്ള സമയങ്ങളിലെല്ലാം മൗനിയാകുന്നു. അവര്‍ സമൂഹത്തെ വിഭജിച്ചുകൊണ്ട് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നാനാത്വത്തെയും ഐക്യത്തെയും ദുര്‍ബലപ്പെടുത്തുകയാണ്'- സോണിയ ഗാന്ധി വിമര്‍ശിച്ചു.