കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാര്‍; നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

 
Nimisha Priya
ബ്ലഡ് മണിയായി ഒന്നരക്കോടി രൂപ നല്‍കേണ്ടിവരും

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. വധശിക്ഷ ഒഴിവാക്കാന്‍ ബ്ലഡ് മണി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിക്കുക. 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെടുന്നത്. 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍റ്റിയും നല്‍കണം. റമദാന്‍ മാസം അവസാനിക്കുന്നതിന് മുമ്പ് തീരുമാനം അറിയിക്കണം. റമദാന്‍ കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യെമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നുമെന്നാണ് ഉദ്യോഗസ്ഥര്‍ നിമിഷയുടെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 

മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിരുന്നു. വധശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സംഘം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ബ്ലഡ്മണി സംബന്ധിച്ച നിലപാട് തലാലിന്റെ കുടുംബം വ്യക്തമാക്കിയത്. ജസ്റ്റിസ് കുര്യന്‍ ജോസഫിനൊപ്പം സുപ്രീംകോടതി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ - സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരഷ്ട്ര എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചന ദൗത്യം ഏകോപിപ്പിക്കുകയാണ് സംഘത്തിന്റെ ദൗത്യം. 

നിമിഷയുടെ അമ്മയും എട്ട് വയസുകാരി മകളും യെമനിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. ജയിലില്‍ പോയി നിമിഷയെ കാണാനും തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താനുമാണ് അനുമതി തേടിയത്. ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് യെമന്‍ അധികൃതര്‍ തന്നെ മോചനത്തിന് വഴി തുറക്കുന്ന ആവശ്യവുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ മോചനത്തിന് സജീവമായി ഇടപെടാന്‍ വിദേശകാര്യ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധിയെ ഉള്‍പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.