ജെറ്റിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന പുസ്തകത്തിലെ ആരോപണം; ജോസി ജോസഫിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ്

 
ജെറ്റിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന പുസ്തകത്തിലെ ആരോപണം; ജോസി ജോസഫിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ്

പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ജോസി ജോസഫിനെതിരെ ജറ്റ് എയര്‍വേസിന്റെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. ജെറ്റ് എയര്‍വേസും ചെയര്‍മാന്‍ നരേഷ് ഗോയലുമാണ് ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജോസിയുടെ ഈയിടെ പുറത്തിറങ്ങിയ A Feast of Vultures; The Hidden Business of Democracy in India എന്ന പുസ്തകത്തില്‍ ജെറ്റ് എയര്‍വേസും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇത് തങ്ങള്‍ക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ജോസിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററാണ് ആലപ്പുഴ സ്വദേശിയായ ജോസി. 1000 കോടി നഷ്ടപരിഹാരത്തിന് പുറമെ പുസ്തകം നിരോധിക്കണമെന്നും ജെറ്റ് എയര്‍വേസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്.

2001 ഡിസംബറില്‍ അന്നത്തെ ഇന്റലീജന്‍സ് ബ്യൂറോ തലവന്‍ കെ.പി സിംഗും ജോയിന്‍റ് ഡയറക്ടര്‍ അന്‍ജാന്‍ ഘോഷും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലെ കാര്യമാണ് ജോസി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണമിടപാട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നരേഷ് ഗോയല്‍ അധോലോക നായകരായ ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ സ്ഥിരീകരിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഐ.ബി ആ റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഇതാണ് ജെറ്റ് എയര്‍വേസിനെ പ്രകോപിപ്പിച്ചത്. ജോസിക്കു പുറമെ പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സിനും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഈ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഔട്ട്‌ലുക്കിനെതിരെയും ജെറ്റ് എയര്‍വേസ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ജെറ്റിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന പുസ്തകത്തിലെ ആരോപണം; ജോസി ജോസഫിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ്

വാര്‍ത്തകളുടെയും പുസ്തകങ്ങളുടെയും പേരില്‍ ജേര്‍ണലിസ്റ്റുകള്‍ക്കും എഴുത്തുകാര്‍ക്കും ലീഗല്‍ നോട്ടീസുകള്‍ ലഭിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ സിവില്‍ മാനനഷ്ടത്തിന് കോടതികളില്‍ കേസ് ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇറങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ജോസിയുടെ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിലെ പല വെളിപ്പെടുത്തലുകളുടെയും പേരില്‍ നിരവധി ലീഗല്‍ നോട്ടീസുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസ് നിയമപരമായി തന്നെ നേരിടാനാണ് ആലോചിക്കുന്നതെന്ന് ജോസിയുടെ അഭിഭാഷകന്‍ ഉത്തം ദത്ത് സ്‌ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വ്യക്തമാക്കി. "1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് മാനനഷ്ടക്കേസുകളാണ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഒന്ന് ജോസിക്കും ഹാര്‍പ്പര്‍ കോളിന്‍സിനുമെതിരെയും മറ്റൊന്ന് ഔട്ട്‌ലുക്കിനെതിരെയും. അവര്‍ക്ക് ഈ സ്‌റ്റോറി മൂലം മാനനഷ്ടമുണ്ടായെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും രേഖാമൂലമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.