ബിജെപി മുൻ എംഎൽഎയുടെ നേതൃത്വത്തിൽ മൂന്ന് ബസിൽ ആക്രമികൾ, ആംബുലൻസിന് നേരെയും കല്ലേറ്, ഡൽഹിയിൽ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യങ്ങൾ

 
ബിജെപി മുൻ എംഎൽഎയുടെ നേതൃത്വത്തിൽ മൂന്ന് ബസിൽ ആക്രമികൾ, ആംബുലൻസിന് നേരെയും കല്ലേറ്, ഡൽഹിയിൽ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യങ്ങൾ

സുഹൃത്തുക്കളേ, കര്‍ദാംപുരിയിലെയും കബീര്‍ നഗറിലെയും ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചു. 'കാര്യങ്ങള്‍ ശരിക്കും മോശമാണ്. ഒരു ടിയര്‍ ഗ്യാസ് ഷെല്‍ എടുത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടു. നമ്മുടെ ആക്ടിവിസ്റ്റ് സുഹൃത്തുക്കള്‍ക്ക് പ്രദേശത്ത് പ്രവേശിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ഉടന്‍ തന്നെ മീഡിയ പ്രവര്‍ത്തകരെ ആവശ്യമാണ്. ദയവ് ചെയ്ത് ഈ വാക്കുകള്‍ പ്രചരിപ്പിക്കുക'. (ഇത് പരിശോധിച്ചുറപ്പിച്ച വിവരമാണ്.)

സുഹൃത്തും സാമൂഹിക പ്രവര്‍ത്തകയുമായ വസന്തയുടെ ഫോണില്‍ നിന്ന് ഈ സന്ദേശം വാട്ട്‌സപ്പില്‍ എത്തിയത് ഇന്നലെ അഞ്ചു മണിയോടെയാണ്. നാലു മണിയോടെ ഹോസ് ഖാസിലെ ഓഫീസില്‍ നിന്നിറങ്ങിയതിനാല്‍ ജംഗ്പുരയിലേക്കുള്ള മെട്രോയിലായിരുന്നു. യൊല്ലോ ലൈനില്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ ഇറങ്ങി ജംഗ്പുരയിലേക്കുള്ള വൈലറ്റ് ലൈന്‍ പിടിക്കുന്നതിന് പകരം കശ്മീരി ഗൈറ്റ് മെട്രോ സ്‌റ്റേഷനില്‍ ചെന്ന് റെഡ് ലൈനിലെ ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. റെഡ്‌ലൈനില്‍ കശ്മീരി ഗൈറ്റ് മെട്രോ സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ നാലാമത്തെ മെട്രോ സ്‌റ്റേഷനായ വെല്‍ക്കമില്‍ ഇറങ്ങിയാല്‍ പിങ്ക് ലൈനില്‍ ആദ്യത്തെ മെട്രോ സ്‌റ്റേഷന്‍ ജാഫറാബാദും അടുത്തത് മൗജ്പൂര്‍ മെട്രോ സ്‌റ്റേഷനുമാണ്. ഇവിടെ ഇറങ്ങിയാല്‍ സംഘര്‍ഷം നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഭജന്‍പുര, ചന്ദ് ബാഗ്, കര്‍ദംപുര, ജാഫറാബാദ്, നൂറെ ഇലാഹി, ഗോകുല്‍ പുരി എന്നിവിടങ്ങളില്‍ എത്താമെന്നായിരുന്നു പദ്ധതി. എന്നാല്‍, വെല്‍ക്കം എത്തിയപ്പോള്‍ പിങ്ക് ലൈനിലൂടെയുള്ള സര്‍വ്വീസ് മെട്രൊ നിര്‍ത്തിയിരുന്നു. അതിനാല്‍, ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രൊ സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോ പിടിച്ചാണ് സംഭവ സ്ഥലത്ത് എത്തിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരേയും പ്രവേശിപ്പിച്ച ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹദുര്‍ ആശുപത്രിയില്‍ (ജി.ടി.ബി ആശുപത്രി) എത്തി. അപ്പോള്‍ അവിടെ 30 ഓളം പേരെയാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കല്ലേറില്‍ പരിക്കേറ്റ് തല പൊട്ടിയവരും വെടിയേറ്റ് ശരീരമാസകലം ചോരയില്‍ കുതിര്‍ന്ന് ചികിത്സ തേടി എത്തിയവരെയും കൊണ്ട് ആശുപത്രി ബഹളമയമായിരുന്നു. കൂടുതല്‍ നേരെ ആശുപത്രിയില്‍ നില്‍ക്കാതെ ജാഫറാബാദിലേക്ക് ഓട്ടോ പിടിച്ചു. സംഘര്‍ഷം നടക്കുന്നതിന് വളരെ ദൂരം അകലെ ഓട്ടോകാരന്‍ ഇറക്കി വിട്ടു. സംഘര്‍ഷ സ്ഥലം കാണാവുന്ന ദൂരം എത്തിയപ്പോള്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് സംഭവങ്ങള്‍ നോക്കി കണ്ടു. സംഭവം കവര്‍ ചെയ്യാനെത്തിയ ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോ ജേണലിസ്റ്റ് സഞ്ജിത് ഖന്നയുടെ ബൈക്ക് കരാവല്‍ നഗറില്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമികള്‍ മാദ്ധ്യമ പ്രവര്‍ത്തകരെ പോലും വെറുതെ വിട്ടില്ല.

കരാവല്‍ നഗറിലെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടുരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീകൊളുത്തുന്നത് താന്‍ ടെറസിന് മുകളില്‍ നിന്ന് പകര്‍ത്തിയെന്നും ഇത് ശ്രദ്ധയില്‍ പെട്ട അക്രമികള്‍ ജയ് ശ്രിറാം വിളികളുമായി വന്ന് തന്റെ പക്കല്‍ നിന്നും ക്യാമറ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഭാഗത്ത്, സി.എ.എ അനുകൂലികളുടെ ജയ് ജയ് ശ്രിറാം വിളികളും ഭാരത് മാതാ കീ ജയ്‌യും അമ്മയുടെയും പെങ്ങളുടെയും *** വിളിയും കേള്‍ക്കാമായിരുന്നു. മുഖം തൂവാല കൊണ്ട് മറച്ചും ഹെല്‍മറ്റ് ധരിച്ചും എത്തിയ സി.എ.എ അനുകൂലികള്‍ ഡല്‍ഹി പോലീസിന് സിന്ദാബാദും വിളിക്കുന്നതും വ്യക്തമായി കേള്‍ക്കാനായി. മറു ഭാഗത്ത് ആസാദി വിളികളും സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. വാഹനങ്ങളിലും മറ്റും എത്തിച്ച ഇഷ്ടിക കഷ്ണങ്ങളും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമാണ് സി.എ.എ അനുകൂലികള്‍ സമരക്കാര്‍ക്ക് എറിയുന്നത്. അതെടുത്ത് തിരിച്ച് സമരക്കാര്‍ സി.എ.എ അനുകൂലികള്‍ക്കു നേരേയും എറിയുന്നുണ്ട്.

സി.എ.എക്കെതിരെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച പുരുഷന്‍മാര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങിയതോടെ സ്ത്രീകള്‍ ഇടപ്പെട്ടു. ഇതോടെ പോലീസ് വനിതകള്‍ക്കെതിരെയും കേസെടുക്കാന്‍ തുടങ്ങിയതോടെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചാന്ദ്ബാഗില്‍ സംഘര്‍ഷം തുടങ്ങിയത്. അതിനുശേഷം സിഎഎ അനുകൂലികളും സിഎഎ വിരുദ്ധ പ്രതിഷേധക്കാരും കല്ലേറ് ആരംഭിച്ചു. ഇതോടെ, സ്ഥിതിഗതികള്‍ വഷളായി. ഇതോടെ, സി.എ.എ അനുകൂലികള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും പെട്രോള്‍ പമ്പിനും തീയിടുന്നതിനും താന്‍ സാക്ഷിയായെന്ന് ഇന്ദ്രജിത്ത് സിങ് അഴിമുഖത്തോട് പറഞ്ഞു.

ഒന്നാം കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന, അഴിമതി നടത്തിയതിനെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് നീക്കിയ ഇപ്പോള്‍ ബി.ജെ.പി നേതാവായ കപില്‍ മിശ്രയുടെ കലാപ ആഹ്വാനത്തെ തുടര്‍ന്നാണ് മൗജ്പൂരില്‍ അക്രമം പൊട്ടി പുറപ്പെട്ടത്. പ്രതിഷേധം നടക്കുന്ന ജാഫര്‍ബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് 1.5 കിലോമീറ്റര്‍ അകലെയാണ് മൗജ്പൂര്‍ സ്ഥിതിചെയ്യുന്നത്. ഡല്‍ഹി പോലീസിന് സിന്ദാബാദ് വിളിച്ച് സിഎഎ അനുകൂലികള്‍ തെരുവിലിറങ്ങുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതിരിക്കുകയും ചെയ്തിനാല്‍ സ്ഥിതി പ്രതികൂലമാവുകയായിരുന്നു. ഗുജ്ജാര്‍ ജാതിക്കാരായ ആര്‍.എസ്.എസ്സുകാരാണ് കലാപത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സി.എ.എ അനുകൂലികളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത്. നെഞ്ചിന് വെടിയേറ്റ് ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയ് പാര്‍ക്ക് സ്വദേശിയായ ഒരാള്‍ ചൊവ്വാഴ്ച ഉച്ചയോടെ മരണമടഞ്ഞു.

രണ്ടും ഭാഗത്ത് നിന്നും കുറച്ചു പേര്‍ മരിച്ചാലെ ഈ സമരം നില്‍ക്കുകയുള്ളുവെന്നാണ് മലയാളിയായ ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഒരു പോലീസുകാരന്‍ അഴിമുഖത്തോട് പറഞ്ഞത്. പോലീസുകാരുടെ പ്രതികരണവും ഡല്‍ഹി പോലീസിന്റെ പിറകില്‍ നിന്ന് സി.എ.എ അനുകൂലികള്‍ നടത്തുന്ന കല്ലേറും ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ആസൂത്രിതമായി ഭരണകൂടം നടപ്പിലാക്കിയതാണെന്നാണ് വ്യക്തമാവുന്നത്. ഇന്നലെ രാത്രി വരെ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ, ശിവ് വിഹാറില്‍ ഒരു ബി.ജെ.പി മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്ന് ബസ് നിറയെ അക്രമികള്‍ സംഘര്‍ഷ സ്ഥലത്ത് എത്തിയിട്ടുണ്ട്. റിവോള്‍വര്‍, വാളുകള്‍ എന്നിവയുമായെത്തിയ അക്രമികള്‍ ബാരിക്കേഡിന്റെ ഒരു വശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശത്തുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചത്. ഡല്‍ഹി പോലീസിന്റെ ആശീര്‍വാദത്തോടു കൂടിയാണ് ഇവര്‍ നില്‍ക്കുന്നതെന്നാണ് സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ പറയുന്നത്.

പൗരത്വ നിയമത്തിനെതിരേ സമരം ചെയ്യുന്നവരുടെ പേര് ചോദിച്ചാണ് പോലീസും ഗുജ്ജാറുകളും ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികളും പറഞ്ഞു. മുസ്‌ലിംകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുമ്പോള്‍ പോലിസ് നോക്കി നില്‍ക്കുകയാണെന്ന് ആക്രമിക്കപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് നേരെയും സംഘപരിവാര്‍ ആക്രമണം ഉണ്ടായെന്നും പരിക്കേറ്റവര്‍ പറഞ്ഞു. മുസ്ലിംകളുടെ വീടുകള്‍ക്കും കടകള്‍ക്കും തീവെക്കുകയും മസ്ജിദിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഹിന്ദുക്കളുടെ വീടുകളും കടകളും ആക്രമിക്കപ്പെടാതിരിക്കാന്‍ തിരിച്ചറിയുന്ന രൂപത്തില്‍ കാവിക്കൊടി സ്ഥാപിച്ചാണ് ആക്രമണം നടത്തുന്നത്.

ബി.ജെ.പിയുടെ ഏജന്റായിട്ടാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രിം കോടതി അഭിഭാഷകനായ സൈഫാന്‍ ഷെയ്ഖ് പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തിനുള്ള പ്രതികാരം വീട്ടുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നാണ് അദ്ദേഹം പറഞ്ഞത്. കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രഖ്യാപനത്തിരെ ഡല്‍ഹി പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നത് ഇതിന് ഉദാഹരണമാണ്.

അതേസമയം, മുസ്ലിംകള്‍ കൂടുതലുള്ള മുസ്തഫാബാദില്‍ കടകള്‍ക്കും വീടുകള്‍ക്കും ആര്‍.എസ്.എസ്സുകാര്‍ തീവെക്കുകയാണെന്ന് ഇവിടത്തെ താമസക്കാരനായ ഹാഷിം അഴിമുഖത്തോട് പറഞ്ഞു. ഇവിടെ പോലീസിന്റെ ഒരു സാന്നിദ്ധ്യം പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. പ്രദേശത്ത് നിന്ന് നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണ സംഖ്യ 30ഓളമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ഡല്‍ഹി പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ സ്വയ രക്ഷക്കായി ആയുധം എടുക്കുന്ന കാഴ്ചയാണ് ഡല്‍ഹിയിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ കാണുന്നത്. മുസ്ലിം ഏരിയകളില്‍ പോലീസ് തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവിടങ്ങളില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമെത്തിയ ഗുജ്ജറുകള്‍ മുസ്ലിം ഏരിയകളില്‍ ആക്രമണവും തീവെപ്പും നടത്തുന്നതായാണ് തദ്ദേശവാസികള്‍ പറയുന്നത്.

വേട്ടക്കാര്‍ നഗരത്തില്‍ പ്രവേശിച്ചതായി തോന്നുന്നു. ഇത് നമ്മുടെ ദില്ലിയിലെ പൊതുജനമല്ല. ഈ ആളുകള്‍ ഏത് മതത്തില്‍ നിന്നുള്ളവരാണെങ്കിലും അവരെ പിടികൂടി ജയിലിലടയ്ക്കണമെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞത്. അതിനിടെ, മൗജ്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു പ്രാദേശിയ ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തകനായ ആകാശ് നാപയ്ക്ക് നേരെ അക്രമികള്‍ വെടി വെച്ചു. അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.