ജാമ്യം ലഭിച്ചിട്ടും തടവുകാരുടെ മോചനത്തില്‍ കാലതാമസം; 'ഫാസ്റ്റര്‍' ഉപയോഗപ്പെടുത്തണമെന്ന് സുപ്രീംകോടതി

 
SupremeCourt

ജയിലുകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം

ജാമ്യ ഉത്തരവ് കൈമാറുന്നതിലെ കാലതാമസംമൂലം തടവുകാരെ വിട്ടയയ്ക്കുന്നത് വൈകുന്നതില്‍ പരിഹാരം നിര്‍ദേശിച്ച് സുപ്രീം കോടതി. ഉത്തരവുകള്‍ കൈമാറുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍, ഉത്തരവുകളുടെ ആധികാരിക ഇ-കോപ്പികള്‍ കൈമാറ്റം ചെയ്യുവാനായി ഫാസ്റ്റര്‍ (Fast and Secured Transmission of Electronic Records) എന്ന ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അതിനായി ജയിലുകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ നാഗേശ്വര റാവു, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും തപാല്‍ വഴി യഥാസമയം ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ മോചനം വൈകിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടല്‍.  

കോടതി ഉത്തരവുകള്‍ ഫലപ്രദമായി കൈമാറുന്നതിന് വിവര, വിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അതിനാല്‍, കോടതി ഉത്തരവുകളുടെ ആധികാരിക ഇ-കോപ്പികള്‍ ഫാസ്റ്റര്‍ സംവിധാനത്തിലൂടെ കൈമാറാനാണ് നിര്‍ദേശിക്കുന്നത്. ഇടക്കാല ഉത്തരവുകള്‍, സ്‌റ്റേ ഉത്തരവുകള്‍, ജാമ്യ ഉത്തരവുകള്‍, ചുമതലയുള്ള ഉദ്യോസ്ഥന്‍ നിര്‍വഹിക്കേണ്ട നടപടിക്രമങ്ങളുടെ രേഖകള്‍ എന്നിവയുടെ ആധികാരിക ഇ-കോപ്പികള്‍, സുരക്ഷിതമായ ഇലക്ട്രോണിക് സംവിധാനം വഴി കൈമാറുന്നതാണ് ഫാസ്റ്റര്‍. ഇവ കാര്യക്ഷമമായും വിജയകരമായും നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതിയുടെ രജിസ്ട്രിയുമായി ബന്ധപ്പെട്ട് അവ ഏകോപിപ്പിക്കണമെന്നും നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്‍ അഥവാ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ എന്നിവരോടും ബെഞ്ച് നിര്‍ദേശിച്ചു. 
 
ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി, സുപ്രീംകോടതിയുടെ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തണം. എല്ലാ ജയിലുകളിലും മതിയായ വേഗതയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കണമെന്നും നിലവില്‍ അത്തരമൊരു സംവിധാനം ഇല്ലാത്ത ഇടങ്ങളില്‍ അതിനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗം ചെയ്യണമെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോടും കോടതി നിര്‍ദേശിച്ചു. 

ആഗ്ര സെന്‍ട്രല്‍ ജയിലില്‍, ജാമ്യം ലഭിച്ചിട്ടും തടവുകാര്‍ക്ക് മൂന്ന് ദിവസം കൂടി കഴിയേണ്ടിവന്നതിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയെത്തുടര്‍ന്നാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ജൂലൈയില്‍ കേസ് പരിഗണിച്ച കോടതി ഉത്തരവ് കൈമാറ്റത്തിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിരുന്നു. എല്ലാ ജയിലുകളിലും മതിയായ ഇന്റര്‍നെറ്റ് സൗകര്യമുണ്ടോ എന്നുള്ള വിവരം നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിരുന്നു. ഇതുവരെ 19 സംസ്ഥാനങ്ങളാണ് ജയിലുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയെക്കുറിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, അസം മിസോറം എന്നീ സംസ്ഥാനങ്ങള്‍ ജയിലുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലെന്നോ ഭാഗികമായി ഉണ്ടെന്നോ അറിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.