'സര്‍ക്കാര്‍ മാറുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; അവസാനിപ്പിക്കേണ്ട തെറ്റായ പ്രവണത'

 
Supreme Court

ഒരു പാര്‍ട്ടി മാറി അടുത്തത് വരുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യദ്രോഹ കുറ്റം നേരിടേണ്ടിവരുന്നു


ഭരണത്തിലുള്ള പാര്‍ട്ടിക്കൊപ്പം നിന്ന പൊലീസ് ഉദ്യോഗസ്ഥരെ മറ്റൊരു പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ലക്ഷ്യമിടുന്ന പ്രവണതക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ. രാജ്യത്തെ ആഭ്യന്തര സ്ഥിതിഗതികള്‍ ദുഖകരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ ആ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍, പുതിയൊരു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, പുതിയ സര്‍ക്കാര്‍ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നു. ഭരണകക്ഷിക്കൊപ്പം നില്‍ക്കുമ്പോള്‍ രാജ്യദ്രോഹ കുറ്റമില്ല. ആ പാര്‍ട്ടി മാറി അടുത്ത പാര്‍ട്ടി വരുമ്പോള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യദ്രോഹ കുറ്റം നേരിടേണ്ടിവരുന്നു. ഇത് അവസാനിപ്പിക്കേണ്ട പുതിയൊരു പ്രവണതയാണ് -ജസ്റ്റിസ് എന്‍.വി രമണ വാക്കാല്‍ പരാമര്‍ശിച്ചു. 

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഛത്തീസ്ഗഢ് എഡിജിപി ഗുര്‍ജീന്ദര്‍ പാല്‍ സിംഗിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിന്റെ പരാമര്‍ശങ്ങള്‍. തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഛത്തീസ്ഗഢ് ഹൈക്കോടതി നിരസിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഗുര്‍ജീന്ദര്‍ പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍ ബിജെപി സര്‍ക്കാരുമായി അടുപ്പത്തിലായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ഗുര്‍ജീന്ദറിന്റെ വാദം. ഹര്‍ജിയില്‍ നോട്ടീസ് അയച്ച സുപ്രീംകോടതി നാലാഴ്ചത്തേക്ക് അറസ്റ്റില്‍നിന്നും സംരക്ഷണവും നല്‍കി. 

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച്, ജൂണ്‍ 29ന് ആന്റി കറപ്ഷന്‍ ബ്യൂറോയും ഇക്കോണമിക് ഒഫെന്‍സസ് വിങ്ങും ഗുര്‍ജീന്ദറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ ഒന്നിന് പൊലീസ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യാനെത്തി. വീടിനു പുറകിലുള്ള ഓടയില്‍നിന്ന് ഏതാനും കടലാസ് കഷണങ്ങള്‍ കിട്ടിയെന്നും അവ രാഷ്ട്രീയ പാര്‍ട്ടിക്കും സംസ്ഥാനത്തെ വിവിധ ഭരണ പ്രതിനിധികള്‍ക്കും എതിരായ വിമര്‍ശനങ്ങളും കണക്കുകളുമായിരുന്നു. അവ നിയമവിരുദ്ധമായ പ്രതികാരവും സര്‍ക്കാരിനെതിരെ വിദ്വേഷവും നിറഞ്ഞതാണെന്ന് ആരോപിച്ചാണ് ഗുര്‍ജീന്ദറിനെതിരെ ഐപിസി സെക്ഷന്‍ 124 എ, 153 എ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.