'രാഷ്ട്രപത്‌നി' പ്രയോഗം; കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി, ഇരുസഭകളിലും പ്രതിഷേധം 

 
murmu

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോണ്‍ഗ്രസ് നേതാവ് അധിര്‍ ചൗധരി ദ്രൗപദി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ചതിലുടെ കോണ്‍ഗ്രസിന്റെ ആദിവാസി വിരുദ്ധ മനോഭാവമാണ് പുറത്തു വന്നതെന്നും ബിജെപി ആരോപിച്ചു. 

കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും അടക്കും ബിജെപിയുടെ വനിതാ എംപിമാരാണ് വിഷയത്തില്‍ കോണ്‍ഗ്രസ് സഭയില്‍
മാപ്പ് പറയണമെന്നാവശ്യപ്പെട്ടത്. സോണിയ ഗാന്ധി എന്ന സ്ത്രീ നയിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ഭരണഘടനാ പദവികളില്‍ സ്ത്രീകളെ അപമാനിക്കുന്നത് തുടരുന്നു.കോണ്‍ഗ്രസ് പാര്‍ലമെന്റിലും രാജ്യത്തോടും മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു,  അധീര്‍ ചൗധരിയുടെ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവച്ചു.

രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. ദ്രൗപതി മുര്‍മുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തതു മുതല്‍, കോണ്‍ഗ്രസ് അവരെ ദുരുദ്ദേശ്യത്തോടെ ലക്ഷ്യം വച്ചിരുന്നു, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും അവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിക്കുന്നതായി തോന്നുന്നില്ല, സ്മൃതി ഇറാനി പറഞ്ഞു. 'അധിര്‍ ചൗധരി അവരെ രാഷ്ട്രപത്‌നി എന്ന് അഭിസംബോധന ചെയ്തു, ഇത് പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതാണെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസിന്റേത് ആദിവാസി, ദളിത് വിരുദ്ധ, സ്ത്രീ വിരുദ്ധ നിലപാടാണെന്ന് രാജ്യത്തിനറിയാമെന്നും,' സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ പ്രശ്നം അധീര്‍ രഞ്ജന്‍ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാഗാന്ധി പ്രതികരിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് അധീര്‍ ചൗധരിയുടെ വിവാദ പരാമര്‍ശം. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അതെ, ഞങ്ങള്‍ രാഷ്ട്രപതി ഭവനിലേക്ക് പോകും. ഇന്ത്യയുടെ രാഷ്ട്രപതി, അല്ല രാഷ്ട്രപത്‌നി, എന്നായിരുന്നു അധിര്‍ ചൗധരി പറഞ്ഞത്.