'താലിബാന്റെ മുന്‍ ഭരണകാലത്തെ സാഹചര്യം ആവര്‍ത്തിച്ചേക്കാം; തീവ്രവാദികള്‍ ഇന്ത്യയിലേക്കെത്താന്‍ സാധ്യത'

 
MM Naravane

സേന സജ്ജം, തീവ്രവാദ വിരുദ്ധ-നുഴഞ്ഞുകയറ്റ പ്രതിരോധ സംവിധാനവും ശക്തം

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സുസ്ഥിരമാകുമ്പോള്‍, അഫ്ഗാന്‍ വംശജരായ വിദേശ ഭീകരര്‍ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം നരവനെ. രണ്ട് പതിറ്റാണ്ടുമുമ്പ്, താലിബാന്‍ ഭരണത്തില്‍ വന്നപ്പോഴുണ്ടായ സമാന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരസേനാ മേധാവിയുടെ പ്രതികരണം. അതേസമയം, ജമ്മു കാശ്മീരിലെ ഉള്‍പ്രദേശങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനവും നുഴഞ്ഞുകയറ്റ പ്രതിരോധ സംവിധാനവും ഉള്ളതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സായുധ സേന തയ്യാറാണെന്നു ജനറല്‍ നരവനെ വ്യക്തമാക്കി. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതും കാശ്മീരില്‍ അടുത്തിടെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ജനറല്‍ നരവനെ മറുപടി പറഞ്ഞത്. ജമ്മു കാശ്മീരിലെ അക്രമപ്രവര്‍ത്തനങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, അഫ്ഗാനില്‍ സംഭവിച്ചത് എന്താണെന്നോ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ കാശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അതുമായി നേരിട്ട് ബന്ധമുണ്ടോയെന്നോ പറയാന്‍ കഴിയില്ല. എന്നാല്‍, കഴിഞ്ഞ കാലങ്ങളില്‍ നിന്ന് നമുക്ക് പറയാനും പഠിക്കാനും കഴിയുന്നത്, മുന്‍പ് താലിബാന്‍ ഭരണത്തിലിരുന്നപ്പോള്‍, അഫ്ഗാന്‍ വംശജരായ വിദേശ ഭീകരര്‍ ജമ്മു കാശ്മീരിലുണ്ടായിരുന്നു. ആ സാഹചര്യം വീണ്ടും ഉണ്ടായേക്കാം. അഫ്ഗാനിലെ സ്ഥിതിഗതികള്‍ സുസ്ഥിരമാകുമ്പോള്‍, അവിടെനിന്നും ജമ്മു കാശ്മീരിലേക്ക് ഇത്തരം ഭീകരരുടെ ഒഴുക്ക് കാണാന്‍ കഴിഞ്ഞേക്കും -ജനറല്‍ നരവനെ പറഞ്ഞു.

അത്തരം ഏതൊരു സാഹചര്യവും നേരിടാന്‍ സേന സജ്ജമാണ്. അതിര്‍ത്തിയില്‍ തന്നെ അവരെ തടയാന്‍ ശക്തമായ നുഴഞ്ഞുകയറ്റ പ്രതിരോധ ശൃംഖല നമുക്കുണ്ട്. ഉള്‍പ്രദേശങ്ങളില്‍ തീവ്രവാദ വിരുദ്ധ ഗ്രിഡുകള്‍ ഉണ്ട്. 2000ല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്തുവോ, അതേപോലെ തന്നെ ഇപ്പോഴും കൈകാര്യം ചെയ്യുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തിയതിനു പിന്നാലെ, അവിടെനിന്നും പാകിസ്ഥാനിലൂടെ ജമ്മു കാശ്മീരിലേക്ക് ഭീകരര്‍, പ്രത്യേകിച്ച് ലക്ഷ്‌കര്‍ ഇ തയ്ബ, ജയ്‌ഷെ ഇ മൊഹമ്മദ് സംഘങ്ങള്‍ എത്തുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വര്‍ധിക്കുന്നതിനും സാധ്യതയുള്ളതിനാല്‍, ഇന്ത്യന്‍ അതിര്‍ത്തികളില്‍ ആശങ്കകള്‍ പെരുകിയിരുന്നു. 

ജമ്മു കാശ്മീരിലെ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അത് അപലപനീയമാണെന്നും കരസേനാ മേധാവി പറഞ്ഞു. തീവ്രവാദ സംഘങ്ങള്‍ സാധാരണഗതി ആഗ്രഹിക്കുന്നില്ല. പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാനുള്ള അവസാന ശ്രമമാണിത്. ജനങ്ങള്‍ തങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്നാണ് തീവ്രവാദികള്‍ പറയുന്നത്. പിന്നെ എന്തിനാണ് നിങ്ങളെ പിന്തുണക്കുന്ന, സ്വന്തം ആളുകളെ നിങ്ങള്‍ കൊല്ലുന്നത്? ഇത് അസ്വീകാര്യമായ ഭീകരതയെ പടര്‍ത്താനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.