നെറ്റ് സീറോ എമിഷന്‍: മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കും ? 

 
d

രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വില കയറ്റവും മലിനീകരണ തോതും കൂടിയ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഓഫീസുകളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറിയേക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് മിന്റ് റിപോര്‍ട്ട് ചെയ്യുന്നു. 

2070ഓടെ നെറ്റ്-സീറോ എമിഷന്‍ കൈവരിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് ശേഷം പദ്ധതി നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ നടപടികള്‍ കൂടുതല്‍ ശക്തമാകും.  2025-ന് മുമ്പ് ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ (ICE) വാഹനങ്ങള്‍ക്ക് തുല്യമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഊര്‍ജ്ജമന്ത്രി രാജ് കുമാര്‍ സിംഗ് എല്ലാ കേന്ദ്ര ഗവണ്‍മെന്റ് മന്ത്രിമാര്‍ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അവരുടെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയ പശ്ചാത്തലത്തിലാണിത്. 

കൂടാതെ, 4 ദശലക്ഷത്തില്‍ കൂടുതലുമുള്ള ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങള്‍-മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, സൂറത്ത്, പൂനെ എന്നിവിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്. 
കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും വാഹനങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അവ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുന്നത് ഇ-മൊബിലിറ്റിക്ക് വലിയ മുന്നേറ്റമായിരിക്കുമെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. 

10,000 കോടി രൂപയുടെ പദ്ധതിയില്‍   ഹൈബ്രിഡ്, ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) എന്നിവയുടെ നിര്‍മ്മാണം  പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം, ഇത് പൊതു ഗതാഗതത്തിന്റെ വൈദ്യുതീകരണത്തെ പിന്തുണയ്ക്കുന്നതിനും ഈ മാറ്റങ്ങള്‍ക്കനുസൃതമായി ചാര്‍ജിംഗ് സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ  ഭാഗമാണ് ഈ പദ്ധതി. ഫെയിം-2 ന് കീഴില്‍ അനുവദിച്ച പണം 500,000 ഇലക്ട്രിക് മുചക്ര വാഹനങ്ങള്‍ക്കും 1 ദശലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും 55,000 ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ക്കും 7,090 ഇലക്ട്രിക് ബസുകള്‍ക്കും സബ്സിഡി നല്‍കാന്‍ ചെലവഴിക്കും. ശുദ്ധമായ ഇന്ധനങ്ങളുടെയും ഇവികളുടെയും വളര്‍ച്ച ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും പ്രാധാന്യം കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

നെറ്റ് സീറോ എമിഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് - കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നും വിശേഷിപ്പിക്കാവുന്ന നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാര്‍ബണ്‍ എമിഷന്‍ പൂര്‍ണമായും അവസാനിപ്പിക്കും എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, ഒരു രാജ്യത്തിന്റെ കാര്‍ബണ്‍ എമിഷന്റെ ആഘാതം നികത്തുന്നരീതിയില്‍ അന്തരീക്ഷത്തില്‍ നിന്ന് ഹരിതഗൃഹവാതകങ്ങളുടെ ആഗിരണമോ നീക്കം ചെയ്യലോസാധ്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ എന്നതിലൂടെഉദ്ദേശിക്കുന്നത്. 

ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി അടുത്ത ദശകങ്ങളില്‍ വലിയ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യയില്‍ കാര്‍ബണ്‍ എമിഷന്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ ഉയര്‍ന്ന എമിഷന്‍ നിരക്കിനെ നികത്താന്‍ വനവല്‍ക്കരണത്തിലൂടെ മാത്രം കഴിയില്ല. കാര്‍ബണ്‍ നീക്കം ചെയ്യാനുള്ള നിലവിലെ സാങ്കേതികവിദ്യകള്‍ പൂര്‍ണമായി വികസിച്ചിട്ടില്ലാത്തതും വലിയ സാമ്പത്തിക ചെലവ് ഉള്ളവയുമാണ്. 2070 ടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ലെങ്കിലും മുന്‍കൂട്ടി അതിന് വേണ്ടി പ്രതിജ്ഞാബദ്ധരാകാന്‍ കഴിയില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.