വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം; തീരുമാനം സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം 

 
d

വനിതകള്‍ക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും  പ്രവേശനം നല്‍കാന്‍ തീരുമാനം ആയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ചു. ഇക്കാര്യത്തില്‍ സെപ്തംബര്‍ 20 നകം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വനിതകള്‍ക്ക് എന്‍ഡിഎ യിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ നിലപാട് കോടതിയെ അറിയിച്ചത്. എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. 

എന്നാല്‍, ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി. നിലവില്‍ വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖ ഇല്ല. അത് തയ്യാറാക്കുന്നതിന് സമയം ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടിനെ കോടതി അഭിനന്ദിച്ചു. 'നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ അധികാരികളെ പ്രേരിപ്പിച്ചു. സായുധ സേന രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന ശാഖയാണ്, എന്നാല്‍ ലിംഗസമത്വത്തിന് അവര്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോഴത്തെ നിലപാടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അടുത്തയാഴ്ച വിഷയം വീണ്ടും പരിഗണിക്കാം. ഒരു ദിവസം കൊണ്ട് മാറ്റങ്ങള്‍  സംഭവിക്കില്ലെന്ന ബോധ്യമുണ്ട്, കോടതി പറഞ്ഞു.