അമരീന്ദറിന്റെ പുതിയ പാര്‍ട്ടിക്ക് ബിജെപി ബന്ധം ഗുണം ചെയ്യുമോ? നേതാക്കളെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ്

 
amarinder-singh

പഞ്ചാബ് കോണ്‍ഗ്രസില്‍ ദീര്‍ഘനാളായുള്ള ആഭ്യന്തര കലഹങ്ങള്‍ക്ക് അവസാനം കുറിച്ച് പുറത്ത് പോയ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. അമരീന്ദരിന് പഞ്ചാബില്‍ ബിജെപിയെ പിന്തുണക്കാന്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ ബിജെപി ലോക് കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ അനുകൂല വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞേക്കും. അതേസമയം പരസ്പരം പിന്തുണച്ചേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടയിലും പുതിയ കാര്‍ഷിക നിയമത്തിലുള്‍പ്പെടെ അമരീന്ദറിന്റെയും ബിജെപിയുടെയും നയങ്ങള്‍ വ്യത്യസ്താണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് അപ്രതീക്ഷിതമായി പുറത്താക്കിയതിന് ശേഷം അമരീന്ദറിന്റെ ബിജെപിയെ അനുകൂലിക്കുന്ന നിലപാടുകള്‍ അദ്ദേഹത്തിന് എങ്ങനെ രാഷ്ട്രീയമായി ഗുണം ചെയ്യും എന്നതും നിര്‍ണായകമാണ്. 

അതേസമയം മറുവശത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഒത്തൊരുമയോടെ നേരിടാന്‍ പഞ്ചാബ് കോണ്‍ഗ്രസ് തയാറെടുക്കുന്നതായാണ് റിപോര്‍ട്ടുകള്‍. അധികാരത്തര്‍ക്കവും ഉള്‍പാര്‍ട്ടി വിഭജനങ്ങളും ചേരിപ്പോരുമെല്ലാം മറന്ന് പഞ്ചാബ് കോണ്‍ഗ്രസ് ഒത്തുരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്. അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിലവിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഐക്യപ്പെടുകയും ചെയ്തത്.

സംസ്ഥാന നേതാക്കള്‍ക്കെതിരായി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. നേതാക്കള്‍ തന്നെ പിന്തുണച്ചില്ലെന്ന് പറഞ്ഞ സിംഗ് തനിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചനകളും നടന്നുവെന്നും നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസിലുള്ള ഒട്ടുമിക്ക നേതാക്കന്മാരും തന്റെ പാര്‍ട്ടിയിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തുമെന്നാണ് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്്. ഇതിന് ശേഷമാണ് കോണ്‍ഗ്രസിലുള്ള എംഎല്‍എമാരേയും മന്ത്രിമാരേയും ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി യോഗം വിളിച്ച് ചേര്‍ത്തത്. 

ബിജെപിയെ സംബന്ധിച്ച് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടെങ്കിലും പഞ്ചാബില്‍ സ്ഥിതി മോശമാണ്. ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ അകാലിദള്‍ കഴിഞ്ഞ വര്‍ഷം മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പേരില്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും പഞ്ചാബില്‍ പാര്‍ട്ടി പ്രതീക്ഷ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. കര്‍ഷിക നിയമങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം നില്‍ക്കുമ്പോള്‍ പഞ്ചാബിലെ പുതിയ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ തനിക്കും തന്റെ പുതിയ പാര്‍ട്ടിക്കും വോട്ട് ചെയ്യുമെന്ന അമരീന്ദറിന്റെ പ്രതീക്ഷ വെറുതെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

അവകാശവാദങ്ങള്‍ ഒത്തിരി ഉണ്ടായിരുന്നിട്ടും, അമരീന്ദര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസിന് അധികം കൊട്ടിഘോഷിക്കാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നവജ്യോത് സിംഗ് സിദ്ദു ഒരു മാറ്റത്തിന് ആഗ്രഹിച്ചതും. എന്നാല്‍ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും(പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി) പാര്‍ട്ടിയെ നയിക്കാന്‍ സിദ്ദു മുന്നില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ഭരണത്തെ ന്യായീകരിക്കുന്നതോ അവരുടെ തീരുമാനത്തെ സാധൂകരിക്കുന്നതോ ആയ ശ്രദ്ധേയമായതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.  അമരീന്ദറിനെതിരെ സിദ്ദുവും ചന്നിയും ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയേക്കില്ലെങ്കിലും അമരീന്ദര്‍ പുറത്തുകടക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു പരിധി വരെ ഭരണ വിരുദ്ധതയെ ഭാഗികമായി മറികടക്കാനായേക്കും. 

അമരീന്ദറിനെ സംബന്ധിച്ച് ഏറ്റവും മോശം സാഹചര്യത്തിലാണ് നാലര വര്‍ഷമായി പ്രവര്‍ത്തിച്ചതെന്ന് തെളിയിച്ചാല്‍ ഇതിന് വിപരീതഫലമുണ്ടാക്കും. ഇവിടെയാണ് ബിജെപിക്കൊപ്പം ചേരാനുള്ള അമരീന്ദറിന്റെ ശ്രമം. കര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും ബിജെപിക്കും തമ്മിലുള്ള മഞ്ഞുവീഴ്ചയ്ക്കുള്ള പരിഹാരം അമരീന്ദര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്, ഇത് വിജയിച്ചാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നും അമരീന്ദര്‍ കരുതുന്നുണ്ടാകും. ഇങ്ങനെ വന്നാല്‍ പഞ്ചാബില്‍ ബിജെപിക്ക് കുറഞ്ഞത് ഒരു പോരാട്ടമെങ്കിലും നടത്താന്‍ കഴിയും.

പഞ്ചാബിന് കാര്യമായ കാര്‍ഷിക വോട്ട് ബാങ്ക് ഉണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അമരീന്ദറിനെ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നതാണ് പ്രധാനം ഒരു പക്ഷെ കോണ്‍ഗ്രസില്‍ നിന്നും  അകാലിദളിലെ വിമത ഗ്രൂപ്പുകളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളാകാം അവര്‍. പഞ്ചാബിലെ 117-ല്‍ 23 സീറ്റുകളിലും ബിജെപി മത്സരിക്കുന്നതായാണ് റിപോര്‍ട്ട്. ബിജെപിയുമായുള്ള സീറ്റ് വിഭജന കരാര്‍ ഉണ്ടാകുന്നത് അമരീന്ദറിനെ ഈ വിടവ് നികത്താന്‍ സഹായിച്ചേക്കും.