ഹൈക്കമാന്‍ഡ് ഇടപെട്ടു; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു
 

 
amarinder-singh.


പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തലവനായി സ്ഥാനമേറ്റ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാജ്ഭവനിലെത്തിയ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി.   പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെയാണ് രാജി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള  നീക്കം കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.