ഉത്തര്‍പ്രദേശിലെ ലഖ്നൗ ലുലു മാളും വിവാദങ്ങളും; അറിയേണ്ടതെല്ലാം

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ലുലു മാളില്‍ ആളുകള്‍ നമസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാളിലെ ഷോപ്പിംഗ് ഏരിയക്ക് സമീപം ചിലര്‍ നിസ്ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമവുമുണ്ടായി. സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ചതിന് ലുലു മാളില്‍ നിന്ന് മൂന്ന് പേരെ ഉത്തര്‍പ്രദേശ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് പറഞ്ഞത്.

ആദ്യസംഭവത്തില്‍ മാളിനുള്ളില്‍ നിസ്കാരം നടത്തിവര്‍ക്കെതിരെ ലുലു മാള്‍ മാനേജ്മെന്റ് നല്കിയ പരാതിയില്‍ യുപി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ ഐപിസി 153 എ (1) (സമുദായിക സ്പര്‍ദ്ധ വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മാളിന്റെ പബ്ലിക് റിലേഷന്‍ മാനേജര്‍ സിബ്തൈന്‍ ഹുസൈന് നല്കിയ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ മാളില്‍ നമസ്കരിച്ചു എന്നാണ് പരാതിയെന്ന് ഹിന്ദുസ്ഥാനന്‍ ടൈംസ് റിപോര്‍ട്ട് പറയുന്നു.
മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് കാണിച്ച് മാള്‍ അധികൃതര്‍ വെള്ളിയാഴ്ച മാളിനുള്ളില്‍ പലയിടത്തും നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അതിനിടെ, മാളില്‍ ആളുകള്‍ നമസ്കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭ പുറത്തിറക്കുകയും മാളിനെ ലുലു മസ്ജിദ് എന്ന് വിളിക്കുകയും ചെയ്തത് പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചു.
ലഖ്നൗ ലുലു മാളുമായി ബന്ധപ്പെട്ട വിവാദം എന്താണ്?
ലുലു ഗ്രൂപ്പിന്റെ ആദ്യ മാള്‍ ജൂലൈ 10 ന് ലഖ്നൗവില്‍ തുറന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ യൂസഫ് അലി എംഎയും സന്നിഹിതനായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, നമസ്കാര വീഡിയോ സോഷ്യല്‍ മീഡിയ വഴി ്രപചരിക്കപ്പെട്ടു. തുടര്‍ന്ന് മാള്‍ ജീവനക്കാരില്‍ 70% മുസ്ലീങ്ങളായതിനാല്‍ മാള്‍ 'ലൗ ജിഹാദ്' നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘനകള്‍ പരാതിതുമായി രംഗത്തെത്തുകയായിരുന്നു.
ഹിന്ദു സംഘടന പ്രതിഷേധം ആസൂത്രണം ചെയ്യുന്നതിനാല്‍ ലുലു മാള്‍ അധികൃതര്‍ വെള്ളിയാഴ്ച ഹിന്ദു മഹാസഭാ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയുടെ വസതിയിലെത്തി മാളിനുള്ളില്‍ തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൈറലായ വീഡിയോയില്‍ മാളിലെ ജീവനക്കാരാണ് നമസ്കരിക്കുന്നതെന്ന് ഹിന്ദു സംഘടന ആരോപിച്ചപ്പോള്‍ തങ്ങളുടെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി മാള്‍ അധികൃതര്‍ പറഞ്ഞു. അജ്ഞാതര്‍ നമസ്കരിച്ചതാണെന്നും മാള്‍ ജീവനക്കാരോ മാനേജ്മെന്റോ ഇതില്‍ ഉള്‍പ്പെട്ടതായി അറിവില്ല എന്നും പൊലീസും അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ നമസ്കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി്.
മാളിനുള്ളില്‍ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഹൈന്ദവര്‍ക്കും മാളിനുള്ളില്‍ പ്രാര്‍ത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായാണ് സംഘടനകള്‍ രംഗത്തെത്തിയത്. പിന്നാലെ ഹിന്ദുക്കള്‍ മാള്‍ ബഹിഷ്കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു. നമസ്കാരത്തിന്റെ വീഡിയോ വൈറലായതോടെ, ഇതാവര്‍ത്തിച്ചാല്‍ മാളില്‍ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. 'മാളില്‍ നമസ്കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കും. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്കരിക്കണം'- എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
ആര്‍എസ്എസ് മുഖവാരികയായ 'ഓര്‍ഗനൈസര്‍' അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നമസ്കാരത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു. 'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളില്‍ മുസ്ലിംകള് നമസ്കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്' - എന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
ഈ വിവാദങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം മാളില്‍ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്. വൈകിട്ടാണ് സംഭവം നടന്നതെന്നും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലക്നൗ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.
രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച മാള്‍ തിങ്കളാഴ്ചയാണ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 11 സ്ക്രീന്‍ സിനിമ, ഫുഡ് കോര്‍ട്ട്, മൂവായിരത്തിലധികം വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.