മാനവസമൂഹത്തെ എന്നും അടിച്ചമര്‍ത്താനാകില്ല; ഭീകരതയിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കുന്നവര്‍ക്ക് നിലനില്‍പ്പില്ല: പ്രധാനമന്ത്രി

 
modiമാനവസമൂഹത്തെ എന്നന്നേക്കുമായി അടിച്ചമര്‍ത്താനാകാത്തതിനാല്‍ ഭീകരതയിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കുന്നവര്‍ക്ക് എക്കാലത്തും നിലനില്‍ക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

''വിനാശകരമായ ശക്തികള്‍ക്കും ഭീകരതയിലൂടെ സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുക എന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളുകള്‍ക്കും കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാനാകുമെന്നും എന്നാല്‍ മാനവസമൂഹത്തെ എന്നെന്നേക്കുമായി അടിച്ചമര്‍ത്താനാകാത്തതിനാല്‍ അവരുടെ നിലനില്‍പ്പ് ശാശ്വതമല്ലെന്നാണ്'' മോദി പറഞ്ഞത്. 

സോമനാഥ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. ക്ഷേത്രം പൂര്‍ണമായി തുടച്ചുനീക്കാനും ശ്രമിച്ചു. എന്നാല്‍ എല്ലാതരം വിനാശകരമായ ആക്രമണങ്ങളെയും അതിജീവിച്ച് കൂടുതല്‍ ശോഭയോടെ ക്ഷേത്രം ഉയര്‍ന്നുവന്നു. ഇതാണ് നമുക്ക് ആത്മവിശ്വാസം തരുന്നതെന്നും മോദി പറഞ്ഞു.