കല്‍ക്കരി പ്രതിസന്ധി: വൈദ്യുതി ക്ഷാമം, ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

 
coal

കല്‍ക്കരി വിതരണം പ്രതിസന്ധിയിലായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ക്ഷാമം ഉണ്ടാക്കുന്ന ആശങ്കകള്‍ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം.  കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. യോഗം മണിക്കൂറുകള്‍ നീണ്ടു.  

ഡല്‍ഹിയിലടക്കം നിരവധി സംസ്ഥാനങ്ങില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.  സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. ഡല്‍ഹി ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും  വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് സിസോദിയ പറഞ്ഞു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മഹാരാഷ്ട്രയിലെ 13 താപവൈദ്യുത  യൂണിറ്റുകളും പഞ്ചാബില്‍ മൂന്നു താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരികയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക പവര്‍ കട്ട് തുടരുകയാണെന്നും റിപോര്‍ട്ടുണ്ട്. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പലയിടത്തും പ്രശ്നമായത്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉല്‍പാദനലും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ രാജ്യത്ത് പലയിടങ്ങളിലും കനത്ത ക്ഷാമമാണ് കല്‍ക്കരിക്ക് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി വില കുതിച്ചു കയറുകയാണ്. നേരത്തെ കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്നായിരുന്നു കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ് പറഞ്ഞത്. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.